ബദിയടുക്ക: കുംബടാജെ പഞ്ചായത്തിലെ കറുവല്‍ത്തടുക്ക ജി.ജെ.ബി.എസ് വികസനത്തിനായി കേഴുന്നു. എല്‍ പി സ്കൂളിനെ യുപിയാക്കി മാറ്റണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് അധികാരികള്‍ കേട്ടഭാവം നടിക്കുന്നില്ലെന്ന പരാതി വ്യാപകമാകുന്നു. 125 ല്‍ അധികം വര്‍ഷങ്ങള്‍ പഴക്കമുള്ള ഈ വിദ്യാലയത്തില്‍ മലയാളം കന്നഡ ഡിവിഷനുകകളിലായി 150 ഓളം വിദ്യാര്‍ത്ഥികള്‍ പഠനം നടത്തുന്നു.
കെട്ടിടവും കളിസ്ഥലവും ഉള്‍പ്പെടെ ആവശ്യമായ സൗകര്യങ്ങള്‍ ഉണ്ടായിട്ടും എല്‍പി സ്കൂളിനെ യുപി ആക്കാന്‍ പോലും മാറി മാറി വരുന്ന സര്‍ക്കാര്‍ മുന്ക്കൈയെടുക്കുന്നില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു.
കറുവത്തടുക്ക, മാര്‍പ്പനടുക്ക, മുനിയൂര്‍, ഉബ്രീങ്കള, കുംബടാജെ, അന്നടുക്ക, ചക്കുടല്‍ തുടങ്ങിയ സ്ഥലങ്ങളിലെ കുട്ടികളാണ് ഈ സ്കൂളില്‍ പഠിക്കുന്നത്. യുപി, ഹൈസ്കൂള്‍ പഠനത്തിനായി പത്ത് കിലോമീറ്റര്‍ ദൂരമുള്ള ബെളളൂര്‍ പഞ്ചായത്തിലെ നാട്ടക്കല്ല് സ്കൂളിനെയും ബദിയടുക്ക, വിദ്യാഗിരി സ്കൂളിനെയും ആശ്രയിക്കുന്ന അവസ്ഥയാണ് നിലവിലുള്ളത്. ബസ് സര്‍വീസ് ആവശ്യത്തിന് ഇല്ലാത്തതിനാല്‍ പ്രദേശത്തെ വിദ്യാര്‍ത്ഥികള്‍ കിലോമീറ്ററുകളോളം നടന്നാണ് വിദ്യാലയത്തിലെത്തുന്നത്. മാറി വരുന്ന ജനപ്രതിനിധികള്‍ സ്കൂള്‍ വികസനത്തിനായി വാഗ്ദാനങ്ങള്‍ നല്കുന്നതല്ലാതെ കറുവല്‍ത്തടുക്ക സ്കൂളിന് പുരോഗതി മാത്രം ഉണ്ടായിട്ടില്ല.
ഭൂരിഭാഗം ക്ലാസുകളും 125 ല്‍ അധികം വര്‍ഷം പഴക്കമുള്ള ഓട് മേഞ്ഞ കെട്ടിടത്തിലാണ് നടക്കുന്നത്. കെട്ടിടത്തിന്റെ തകര്‍ച്ച കാരണം അധ്യാപകരും രക്ഷിതാക്കളും ആശങ്കയിലാണ്. സ്കൂളിന്റെ പരാധീനത പരിഹരിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകണമെന്നും എല്‍പി സ്കൂള്‍ യുപി യായി ഉയര്‍ത്തണമെന്നും സ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി രൂപീകരണ യോഗം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: