കൊച്ചി: നടിയോട് ലൈംഗിക ചുവയോടെ സംസാരിച്ചെന്ന കേസില്‍ സംവിധായകന്‍ ജീന്‍പോള്‍ ലാലും നടന്‍ ശ്രീനാഥ് ഭാസിയുമടക്കം നാലു പേര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. അപേക്ഷയില്‍ കോടതി പോലീസിന്റെ റിപ്പോര്‍ട്ട് തേടി. മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്ന് പോലീസ് ഇന്ന് റിപ്പോര്‍ട്ട് നല്‍കും.
ഹണി ബീ 2 എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ലൈംഗികച്ചുവയോടെ സംസാരിച്ചെന്നും തന്റേതെന്ന വിധത്തില്‍ മറ്റാരുടെയോ ശരീരഭാഗങ്ങള്‍ സിനിമയില്‍ ഉള്‍പ്പെടുത്തി അപകീര്‍ത്തിപ്പെടുത്തി എന്നുമാണ് നടിയുടെ പരാതി.
നടിയുടെ ബോഡി ഡ്യൂപ്പ് ഉപയോഗിച്ചെന്നത് സാധൂകരിക്കുന്ന മൊഴികള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. സിനിമയുടെ പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെയും സെറ്റിലുണ്ടായിരുന്ന മറ്റു ചിലരുടെയും മൊഴിയാണ് അന്വേഷണസംഘം കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. സെറ്റില്‍ പ്രശ്നങ്ങളുണ്ടായെന്നും നടിയുടെ ഡ്യൂപ്പിനെ ഉപയോഗിച്ച് ചിത്രീകരണം നടത്തിയെന്നും ഇവര്‍ മൊഴി നല്‍കി.
ഞായറാഴ്ച ചിത്രത്തിന്റെ മേക്കപ്പ്മാനെയും പോലീസ് ചോദ്യം ചെയ്തിരുന്നു. യുവനടിക്ക് സെറ്റില്‍ ചില പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായി ഹണി ബീ 2 വിന്റെ മേക്കപ്പ്മാന്‍ പോലീസിന് മൊഴി നല്‍കിയിരുന്നു. പ്രശ്നം എന്തായിരുന്നു എന്ന് കൃത്യമായി വിവരം അറിയില്ലെങ്കിലും ഇതേതുടര്‍ന്ന് നടി മടങ്ങിപ്പോയെന്നും സിനിമയില്‍ വേറെ നടിയുടെ ശരീരഭാഗങ്ങള്‍ ചിത്രീകരിച്ചുവെന്നും മേക്കപ്പ്മാനും പോലീസിന് മൊഴി നല്‍കിയിരുന്നു.
ചിത്രത്തിന്റെ സെന്‍സര്‍കോപ്പി പരിശോധിച്ച പോലീസ് നടിയുടെ ബോഡിഡ്യൂപ്പ് ഉപയോഗിച്ചതായി കണ്ടെത്തിയിരുന്നു. നടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ജീന്‍പോള്‍, നടന്‍ ശ്രീനാഥ് ഭാസി, അസി. ഡയറക്ടര്‍ അനിരുദ്ധ്, അണിയറ പ്രവര്‍ത്തകന്‍ അനൂപ് എന്നിവര്‍ക്കെതിരെ പനങ്ങാട് പോലീസ് ഒരാഴ്ച മുമ്പ് കേസ് രജിസ്റ്റര്‍ ചെയ്തെങ്കിലും ഇതുവരെ ആരെയും ചോദ്യം ചെയ്തിട്ടില്ല.
















