തിരുവനന്തപുരം: തുറമുഖവകുപ്പിന് ഡ്രഡ്ജര്‍ വാങ്ങിയതില്‍ ക്രമക്കേടുണ്ടെന്ന ആരോപണത്തെ അടിസ്ഥാനപ്പെടുത്തി ഉയര്‍ന്ന പരാതിയില്‍ മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് ലോകായുക്തയ്‌ക്ക് മുന്നില്‍ ഹാജരായി.
ജേക്കബ് തോമസ് തുറമുഖവകുപ്പ് ഡയറക്ടറായിരിക്കെ ഡ്രഡ്ജര്‍ വാങ്ങിയതില്‍ ക്രമക്കേടുണ്ടായെന്നും തന്മൂലം സംസ്ഥാന ഖജനാവിന് നഷ്ടമുണ്ടായെന്നും ചൂണ്ടിക്കാട്ടി ബെര്‍ബി ഫെര്‍ണാണ്ടസ് എന്നൊരാള്‍ അഡ്വ. എസ്.എം. പ്രേം മുഖേന നല്കിയ ഹര്‍ജിയിലാണ് ലോകായുക്ത ജേക്കബ് തോമസിന് നോട്ടീസ് അയച്ചത്.
സിഡ്‌കോയ്‌ക്ക് വേണ്ടി സോളാര്‍ പാനല്‍ വാങ്ങിയതില്‍ അഴിമതി നടന്നു, അവധിയില്‍ പ്രവേശിച്ചിരുന്ന കാലത്ത് അനുമതി കൂടാതെ എന്‍ജിനീയറിംഗ് കോളേജില്‍ പഠിപ്പിക്കാന്‍ പോയി, കര്‍ണാടകയില്‍ വനഭൂമി കയ്യേറി തുടങ്ങിയ പരാതികളും പരാതിക്കാരന്‍ നല്കിയിരുന്നു. എന്നാല്‍ പ്രഥമദൃഷ്ട്യാ ആരോപണങ്ങളില്‍ കഴമ്പുണ്ടെന്ന് ലോകായുക്ത കണ്ടെത്തിയത് ഡ്രഡ്ജര്‍ വാങ്ങിയതിലെ ക്രമക്കേടായിരുന്നു. ഇതുസംബന്ധിച്ച് സംസ്ഥാന ധനസെക്രട്ടറിയുടെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് വിവരാവകാശപ്രകാരം നേടിയതും പരാതിക്കാരന്‍ ഹാജരാക്കിയിരുന്നു. ഇതും കൂടി പരിഗണിച്ചാണ് ലോകായുക്ത ജേക്കബ് തോമസിന് നോട്ടീസ് അയച്ചത്.
ജസ്റ്റിസ് പയസ് സി. കുര്യാക്കോസ്, ജസ്റ്റിസ് കെ.പി. ബാലചന്ദ്രന്‍ എന്നിവരടങ്ങിയ ലോകായുക്ത ബെഞ്ചാണ് കേസ് പരിഗണിച്ചത്. സര്‍ക്കാരിനു വേണ്ടി ഗവ. പ്ലീഡര്‍ പാതിരപ്പള്ളി കൃഷ്ണകുമാരിയും ജേക്കബ് തോമസിനു വേണ്ടി അഡ്വ. കെ.പി. സതീശനും ഹാജരായി.
















