കോഴിക്കോട്: ട്രോളിംഗ് നിരോധനം അവസാനിച്ചതോടെ യന്ത്രവല്‍കൃത ബോട്ടുകള്‍ ഇന്നു മുതല്‍ മത്സ്യബന്ധനത്തിന് പോയിത്തുടങ്ങി. ഒന്നരമാസം നീണ്ട ദുരിത അനുഭവങ്ങള്‍ മറന്നാണ് തൊഴിലാളികള്‍ മത്സ്യബന്ധനത്തിന് പോകുന്നത്. ബോട്ടുകളുടെ അറ്റകുറ്റപ്പണികള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പൂര്‍ത്തിയാക്കിയിരുന്നു. അറ്റകുറ്റപ്പണികള്‍ തീര്‍ത്ത്, പെയ്ന്റിഗ് ജോലികളും പുതിയ വലകളുടെ നിര്‍മ്മാണവും പൂര്‍ത്തിയാക്കി. ട്രോളിംഗ് നിരോധന കാലഘട്ടത്തില്‍ മഴകുറഞ്ഞത് മത്സ്യത്തിന്റെ ലഭ്യതയെ ബാധിക്കുമൊ എന്ന ആശങ്കയും മത്സ്യത്തൊഴിലാളികള്‍ക്ക് ഉണ്ട്.
ട്രോളിംഗ് നിരോധനത്തെ തുടര്‍ന്ന് നാട്ടില്‍ പോയിരുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ തിരിച്ചെത്തി തുടങ്ങി. ചെറുതും വലുതമായ അഞ്ഞൂറോളം ബോട്ടുകളാണ് ബേപ്പൂര്‍ ഹാര്‍ബറില്‍ നിന്ന് മത്സ്യബന്ധനത്തിന് പോകുന്നത്. ഗവണ്‍മെന്റ് നിര്‍ദ്ദേശച്ചപ്രകാരമുള്ള പ്രത്യേക നിറം മിക്ക ബോട്ടുകള്‍ക്കും അടിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഇറങ്ങിയ പുതിയ ബോട്ടുകള്‍ പുതിയ നിയമപ്രകാരമുള്ള നിറത്തോടെയാണ് പുറത്തിറക്കിയത്.
എന്നാല്‍ ട്രോളിംഗ് നിരോധനസമയത്ത് ഈവര്‍ഷവും സര്‍ക്കാരിന്റെ ഭാഗത്തുനിന്നും അവഗണന നേരിട്ടതായി മത്സ്യത്തൊഴിലാളികള്‍ പറയുന്നു. ബിപിഎല്‍ കാര്‍ഡുടമകള്‍ക്ക് സാധാരണപോലെ റേഷന്‍ ലഭിച്ചെങ്കിലും എപിഎല്ലുകാര്‍ക്ക് ഒരുമാസം മാത്രമാണ് റേഷന്‍ അരി ലഭിച്ചത്. ലഭിച്ചതാകട്ടെ പച്ചരിയും. പുഴുങ്ങലരി നല്‍കണമെന്ന് പലവട്ടം അധികൃതരോട് ആവശ്യപ്പെട്ടിട്ടും ഫലമുണ്ടായില്ലെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു.
പഞ്ഞമാസങ്ങളില്‍ കാലത്ത് മത്സ്യത്തൊഴിലാളികളെ സഹായിക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച മത്സ്യത്തൊഴിലാളി സമ്പാദ്യപദ്ധതിയും അട്ടിമറിക്കപ്പെട്ടതായി ആരോപണം ഉണ്ട്. കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റും മത്സ്യതൊഴിലാളികളും അടയ്‌ക്കുന്ന വിഹിതമാണ് തിരിച്ചു ലഭിക്കുന്നത്. ഇങ്ങനെ ലഭിക്കുന്ന തുക ജൂണ്‍, ജൂലൈ ആഗസ്റ്റ് മാസങ്ങളില്‍ 1500 രൂപ വീതം തൊഴിലാളികള്‍ക്ക് സഹായധനമായി തിരികെ നല്‍കും. ആദ്യഘട്ടത്തിലെ തുക മാത്രമാണ് മിക്കവര്‍ക്കും ലഭിച്ചത്. മൂന്നു ഘട്ടങ്ങളിലായി ലഭിക്കുന്ന സഹായധനം ഒന്നായി ജൂണ്‍ മാസത്തില്‍ ലഭിച്ചാല്‍ സ്‌കൂള്‍ തുറക്കുന്ന ഘട്ടത്തില്‍ മത്സ്യതൊഴിലാളികള്‍ക്ക് പ്രയോജനം കിട്ടുമെന്ന് സംസ്ഥാന സര്‍ക്കാരിനെ പലതവണ അറിയിച്ചെങ്കിലും അനുകൂല നടപടി ഉണ്ടായിട്ടില്ലെന്നും മത്സ്യതൊഴിലാളികള്‍ പറയുന്നു.
കാലാവസ്ഥാ വ്യതിയാനം ഉള്‍പ്പെടെയുള്ളവ എങ്ങനെയാണ് ബാധിച്ചിരിക്കുന്നത് ആദ്യം പോകുന്ന ബോട്ടുകള്‍ മടങ്ങിവരുമ്പോഴെ ഉറപ്പിച്ചു പറയാന്‍ കഴിയൂ എന്നാണ് തൊഴിലാളികളുടെ അഭിപ്രായം. എങ്കിലും ബുദ്ധിമുട്ടുകള്‍ നീങ്ങിയ ഒരു നല്ല സീസണാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്.
















