മലപ്പുറം: ജിഎസ്ടി മറയാക്കി ഭക്ഷ്യസാധനങ്ങളുടെ വില കൂട്ടിയതിനൊപ്പം ഇരട്ടനികുതി ഏര്‍പ്പെടുത്തി ഹോട്ടലുകള്‍ ജനത്തെ പിഴിയുന്നു. നികുതി ഏകീകരിച്ച് ജിഎസ്ടി ഏര്‍പ്പെടുത്തിയെങ്കിലും സിജിഎസ്ടി, എസ്ജിഎസ്ടി എന്നിങ്ങനെ ബില്ലില്‍ രേഖപ്പെടുത്തിയാണ് പൈസ ഈടാക്കുന്നത്. നഗരത്തിലെ പ്രമുഖ ഹോട്ടലുകളില്‍ ഉള്‍പ്പെടെ രണ്ടുതരത്തില്‍ നികുതി ഈടാക്കുന്നുണ്ട്.
ശീതീകരിച്ച മുറിയിലിരുന്ന് ഭക്ഷണം കഴിക്കുന്നതിന് 18 ശതമാനവും അല്ലാത്തതിന് 12 ശതമാനവുമാണ് ജിഎസ്ടി. നികുതി ഉള്‍പ്പെടെ ചേര്‍ത്ത് ഭക്ഷ്യസാധനങ്ങളുടെ വിലയിട്ടശേഷം ബില്ലില്‍ വീണ്ടും ജിഎസ്ടി ഉള്‍പ്പെടെ ചേര്‍ത്താണ് പണം ഈടാക്കുന്നത്. ജിഎസ്ടി എന്നതിന് സെന്‍ട്രല്‍, സ്റ്റേറ്റ് എന്ന വേര്‍തിരിവില്ലെങ്കിലും ഇവ പ്രത്യേകമായി ചേര്‍ത്താണ് പലയിടത്തും വില ഈടാക്കുന്നത്.
എന്നാല്‍ പല ചെറുകിട ഹോട്ടലുകളും ഇപ്പോഴും വില വര്‍ധിപ്പിച്ചിട്ടില്ല. ജിഎസ്ടി നികുതി ഏര്‍പ്പെടുത്തി സാധനങ്ങള്‍ക്കെല്ലാം വില വര്‍ധിപ്പിച്ചെന്ന് ചെറുകിട ഹോട്ടല്‍ ഉടമകള്‍ പറയുന്നു. എത്രത്തോളം വില വര്‍ധിച്ചിട്ടുണ്ടെന്നും മറ്റും കൃത്യമായ വിവരങ്ങള്‍ വ്യാപാരികള്‍ക്ക് ലഭ്യമല്ല. മൊത്തമായി പലചരക്ക് സാധനങ്ങള്‍ എടുക്കുമ്പോഴും ബില്ല് ലഭിക്കുന്നില്ല. പല സാധനങ്ങള്‍ക്കും ക്രമാതീതമായി വില കയറിയിട്ടുണ്ട്. ആര്‍ക്കും ഇതു സംബന്ധിച്ച് ഒരു അറിവുമില്ലെന്നും ഹോട്ടലുടമകള്‍ പറയുന്നു. നഗരത്തിലെ നക്ഷത്ര ഹോട്ടലുകളിലും മുറി വാടകയിനത്തില്‍ വ്യത്യാസം വരുത്തിയിട്ടുണ്ട്. ഭക്ഷണത്തിന്റെ വിലയും വര്‍ധിപ്പിച്ചിട്ടുണ്ട്. എന്നാല്‍ നഗരത്തിലെ മികച്ച സൗകര്യങ്ങളുള്ള റസ്റ്റോറന്റുകളില്‍ വില വര്‍ധിപ്പിച്ചിട്ടില്ല. ജിഎസ്ടി ഒന്നിന് പ്രാബല്യത്തില്‍ വന്നെങ്കിലും മിക്ക ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റുകളും ബില്‍ നല്‍കുന്നില്ല. പുതുക്കിയ നികുതി എത്രയെന്ന് അറിയാത്തതിനാല്‍ പലരും പഴയ ബില്ലിങ് രീതിയാണ് തുടരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: