തിരുവല്ല: നഗരത്തിലെ ഹോട്ടലുകളില്‍ ആഴ്ചയിലൊരിക്കല്‍ പരിശോധന നടത്തണമെന്ന അധികൃതരുടെ നിര്‍ദ്ദേശം ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ആരോഗ്യവകുപ്പും അട്ടിമറിക്കുന്നു. മിക്കയിടത്തും വേണ്ട പരിശോധന പോലും നടത്താതെയാണ് പ്രവര്‍ത്തിക്കാനുള്ള അനുമതി പത്രം വരെ നല്‍കുന്നത്.
മുമ്പ് ക്ളീന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടുള്ള ഹോട്ടലുകളിലടക്കം ആഴ്ചയിലൊരിക്കല്‍ പരിശോധന നടത്തി ഗുണനിലവാരം ഉറപ്പാക്കണമെന്നായിരുന്നു ഉദ്യോഗസ്ഥര്‍ക്കു നല്‍കിയിരുന്ന നിര്‍ദേശം. എന്നാല്‍ ഇതുവരെ പേരിനുപോലും പരിശോധന നടന്നിട്ടില്ല.
നിലവാരം കുറഞ്ഞ ഭക്ഷണം ഉയര്‍ന്ന വിലയ്ക്ക് നല്‍കിയതിന് പിടിക്കപ്പെട്ട ഹോട്ടലുകളൊക്കെ വീണ്ടും പഴയ സ്ഥിതിയില്‍ തന്നെയാണ് പ്രവര്‍ത്തിക്കുന്നത്. നോട്ടീസ് നല്‍കിയെങ്കിലും മിക്ക ഹോട്ടലുകളും ഒരു ശുചിത്വ മാനദണ്ഡവും പാലിക്കുന്നില്ല.
അതേസമയം, ഉദ്യോഗസ്ഥരുടെ അലംഭാവത്തിനു പിന്നില്‍ ചിലരുടെ ഇടപെടല്‍ ഉണ്ടെന്നാണ് ആരോപണം. ഹോട്ടലുകള്‍ക്കെതിരെ പരാതി നല്കിയാലും ഉദ്യോഗസ്ഥര്‍ പേരിനുമാത്രം നടപടി എടുക്കാറുള്ളൂവെന്നാണ് ഉപഭോക്താക്കള്‍ പറയുന്നത്.
നിലവില്‍ നഗരഹൃദയത്തില്‍ പ്രവര്‍ത്തിക്കുന്ന പല ഹോട്ടലുകളില്‍ നിന്നും ലഭിക്കുന്നത് തീരെ നിലവാരം കുറഞ്ഞ ഭക്ഷണമാണ്. ചായ മുതല്‍ ഊണുവരെയുള്ള വിഭവങ്ങള്‍ക്ക് വന്‍ വില ഈടാക്കുന്ന ഹോട്ടലുകള്‍ക്കെതിരെയും നടപടിയെടുക്കണമെന്നാണ് ഉപഭോക്താക്കളുടെ ആവശ്യം.
എന്നാല്‍ ഹോട്ടല്‍ മുതലാളിമാരുടെ കൈകളില്‍ നിന്ന് കോടികള്‍ പിരിവ് വാങ്ങുന്ന ചില രാഷ്ട്രീയ മേലാളന്മാരും ചില ഉദ്യോഗസ്ഥരും ചേര്‍ന്നാണ് നിയമ സംവിധാനങ്ങള്‍ അട്ടമറിക്കുകയാണെന്നും ആക്ഷേപമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: