പത്തനംതിട്ട: കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തികസഹായത്തോടെ നിര്‍മ്മിക്കുന്ന നഗരസഭയുടെ പുതിയ ഇന്ഡോര്സ്റ്റേഡിയത്തിന് ഓഗസ്റ്റ് 17ന് കേരള ഗവര്‍ണര്‍ ജസ്റ്റീസ് പി.സദാശിവം ശിലാസ്ഥാപനം നടത്തും. ജില്ലാ സ്റ്റേഡിയത്തോടു ചേര്‍ന്ന് 5.5 ഏക്കറില്‍ കേന്ദ്രാവിഷ്കൃത പദ്ധതിയുടെ ഭാഗമായാണ് ഇന്‍ഡോര്‍ സ്റ്റേഡിയം നിര്‍മിക്കുകയെന്ന് ആന്റോ ആന്റണി എംപിയും നഗരസഭ ചെയര്‍പേഴ്സണ്‍ രജനി പ്രദീപും പത്രസമ്മേളനത്തില്‍ അറിയിച്ചു.
ഇന്‍ഡോര്‍ സ്റ്റേഡിയം നിര്‍മാണത്തിന് ആറു കോടി രൂപയാണ് കേന്ദ്രഫണ്ടായി അനുവദിച്ചത്. ഇതില്‍ ആദ്യവിഹിതമായി 1.80 കോടി രൂപ പത്തുമാസത്തിനുമുമ്പുതന്നെ ലഭ്യമായിട്ടുണ്ട്.
രാജ്യത്തെ വിവിധ നഗരങ്ങളില്‍ നിര്‍മിച്ചിട്ടുള്ളതില്‍ വച്ചേറ്റവും വലിപ്പമുള്ളതും ആധുനികവുമായ ഇന്‍ഡോര്‍ സ്റ്റേഡിയമാണ് പത്തനംതിട്ടയില്‍ വിഭാവനം ചെയ്തിരിക്കുന്നത്.വിപുലമായ സൗകര്യങ്ങളും കളിക്കളങ്ങളും ഇന്‍ഡോര്‍ സ്റ്റേഡിയത്തിനുണ്ടാകും. രണ്ട് ബാസ്കറ്റ്ബോള്‍ കോര്‍ട്ടുകള്‍, മൂന്ന് ഷട്ടില്‍ മൈതാനങ്ങള്‍, രണ്ട് വോളിബോള്‍ ഗ്രൗണ്ടുകള്‍ എന്നിവ പരിശീലനത്തിനുവേണ്ടിയും ഒരു ബാസ്കറ്റ്ബോള്‍ കോര്‍ട്ട്,
റണ്ട് വോളിബോള്‍ ഗ്രൗണ്ടുകള്‍, നാല് ഷട്ടില്‍ കോര്ട്ടുകള്എന്നിവ മത്സരത്തിനുവേണ്ടിയും ഉപയോഗിക്കാനാകും. നീളം കൂടിയ രണ്ട് ഗാലറികള്‍ ഉള്‍പ്പെടുന്നതിനാല്‍ ഒരേസമയം 1500 പേര്‍ക്കിരിക്കാം. വിശാലമായ കോണ്ഫറന്ഹാള്, മുറികള്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങളും സ്റ്റേഡിയത്തിനുണ്ടാകും.
രണ്ടു വശങ്ങളിലായി വരുന്ന കെട്ടിടത്തിന്റെ നീളം 56 മീറ്ററും വീത 8.5 മീറ്ററുമാണ്. സ്റ്റോര്‍, വിഐപി ലോഞ്ച്, സ്പോര്‍ട്സ് ലാബ്, വിസിറ്റര്‍ മുറി, റിസപ്ഷന് കം ഓഫീസ്, ജിംനേഷ്യം, റിഫ്രഷ്മെന്റ്, ചേഞ്ചിംഗ് റൂം, രണ്ട് കോണ്‍ഫറന്‍സ് ഹാളുകള്‍, ഡോര്‍മെറ്ററി, ടോയ്ലറ്റ് ബ്ലോക്ക് എന്നിവ ക്രമീകരിച്ചിട്ടുണ്ട്.
15 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. എംപിയുടെ ആസ്തിവികസന ഫണ്ടില്‍ നിന്നുംപണം നല്കാന് ആന്റോ ആന്റണി എംപി സന്നദ്ധത അറിയിച്ചിട്ടുണ്ട്. മുംബൈ കേന്ദ്രമാക്കിയ ദേശായി ആന്‍ഡ് ദേശായിയാണ് രൂപകല്പന നടത്തിയത്.
സംസ്ഥാന പൊതുമരാമത്ത് വകുപ്പ് കെട്ടിടവിഭാഗം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തും. അന്താരാഷ്ട്ര നിലവാരമുള്ളതും വിമാനത്താവളങ്ങളിലെ ഹാംഗറുകള്‍ നിര്‍മിക്കുന്ന പ്രി എന്‍ജിനിയറിംഗ് കണ്‍സട്രക്ഷന്‍ സാങ്കേതിക വിദ്യ ഉപയോഗിക്കാനും നിര്‍ദേശമുണ്ട്. 18 മാസം കൊണ്ട് നിര്‍മാണം പൂര്‍ത്തീകരിക്കും.
കേരളത്തില്‍ ഇതേ രീതിയില്‍ നിര്‍മാണം നടത്തിയിട്ടുള്ള പദ്ധതികളുടെ ഫണ്ട് വിനിയോഗം സംബന്ധിച്ച വിവരങ്ങള്‍ കൃത്യമായി നല്‍കാത്തതിനാലാണ് കേന്ദ്രഫണ്ട് ലഭിക്കാന്‍ കാലതാമസമുണ്ടായത്. നരേന്ദ്രമോദിസര്‍ക്കാര്‍ പത്തുമാസം മുമ്പ് ആദ്യഗഡു അനുവദിച്ചു. വര്‍ഷങ്ങള്‍ക്കു മുമ്പ് നഗരസഭ വിഭാവനം ചെയ്ത ഇന്‍ഡോര്‍ സ്റ്റേഡിയത്തിനുവേണ്ടി സമാഹരിച്ച 10 ലക്ഷം രൂപ നഗരസഭ അക്കൗണ്ടിലുണ്ടെന്നും ചെയര്‍പേഴ്സണ്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: