കാസര്‍കോട്: തൊഴിലധിഷ്ഠിത നൈപുണ്യപരിശീലനത്തിനായി ഹയര്‍സെക്കന്ററി ആര്‍ട്സ് ആന്റ് സയന്‍സ് കോളേജ് ആദ്യവര്‍ഷ വിദ്യാര്‍ത്ഥികള്‍ക്ക് തങ്ങളുടെ വിദ്യാലയത്തിലെ അസാപ് കോഴ്സുകളിലേക്ക് ഇപ്പോള്‍ പ്രവേശനം നേടാം. ഉന്നത-പൊതു വിദ്യാഭ്യാസ വകുപ്പുകള്‍ സംയുക്തമായി നടപ്പാക്കുന്ന പദ്ധതിയാണ് അഡീഷണല്‍ സ്കില്‍ അക്വിസിഷന്‍ പ്രോഗ്രാം.
തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അസാപ് സ്കൂള്‍, കോളേജ് പഠനത്തോടൊപ്പം തന്നെ ചെയ്തു പോകാവുന്ന തൊഴില്‍ വൈദഗ്ധ്യ വികസന പരിശീലനം നല്കി വരുന്നു. പ്ലസ് വണ്‍, ആദ്യ വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്കാണ് പ്രവേശനത്തിന് അവസരം. നൈപുണ്യ വിഷയങ്ങളിലെ വാസനയും തൊഴില്‍ നേടാനുളള താല്‍പ്പര്യവും പരിഗണിച്ചാണ് വിദ്യാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നത്. 100 മണിക്കൂര്‍ കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് മൊഡ്യൂള്‍, 80 മണിക്കൂര്‍ ഐടി മൊഡ്യൂള്‍, വിദ്യാര്‍ത്ഥി തെരഞ്ഞെടുക്കുന്ന നൈപുണ്യ വിഷയത്തിലുളള പരിശീലനം എന്നിവയാണ് അസാപ് പ്രാവര്‍ത്തിക പരിശീലന പരിപാടിയില്‍ ഉള്‍ക്കൊളളിച്ചിരിക്കുന്നത്. സിലബസ്സിന്റെ 55 ശതമാനം പ്രാക്ടിക്കലിനായി മാറ്റിവെച്ചിരിക്കുന്നു. പരിശീലനം ലഭിക്കുന്ന നൈപുണ്യമേഖലയുമായി ബന്ധപ്പെട്ട വ്യവസായ, തൊഴില്‍ സ്ഥാപനത്തില്‍ നിര്‍ബന്ധിത ഇന്റേണ്‍ഷിപ്പും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
സ്കൂള്‍ കോളേജ് പഠനസമയത്തിന് പുറത്തുളള സമയമാകും അധ്യയന സമയമായി തെരഞ്ഞെടുക്കുന്നത്. കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ത്ഥിക്ക് സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറും അതാതു വ്യവസായ മേഖലയിലെ സെക്ടര്‍ സ്കില്‍ കൗണ്‍സിലും നല്കുന്ന സര്‍ട്ടിഫിക്കറ്റ് ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: