യാത്രയാണ് ഓരോ മനുഷ്യജീവിതവും, നിരന്തരമായ യാത്ര… യാത്രകളോരോന്നും അനിശ്ചിതമാണ്. കുറിച്ചിട്ട വഴികളിലൂടെയല്ല പല യാത്രകളും. പ്രാരബ്ധങ്ങള്‍ പേറി ഓരോ ജീവിതവും ആയുസ്സിലുടനീളം യാത്രയിലാവും. അനിശ്ചിതമെങ്കിലും പലപ്പോഴും പരിചിതമായ വഴികളിലൂടെയാവും പ്രയാണങ്ങള്‍.പക്ഷേ, അനിശ്ചിത യാത്രകള്‍ക്കൊടുവില്‍ സുനിശ്ചിതമായ ഒരു യാത്രയുണ്ട് ഏതൊരാള്‍ക്കും. എന്നാല്‍, അപരിചിതമായ വഴിയിലേക്ക്, ഇനിയെന്തെന്നറിയാതെ, ഈ യാത്രകള്‍ക്കിടയിലെ ദൂരം മാത്രമാണ് മനുഷ്യന്റെ ജീവിതം.
ആരും ഇഷ്ടപ്പെടാത്ത ഈ യാത്രയ്ക്ക് മനുഷ്യന് പേരിട്ടു, മരണം. എന്നാല്‍ യാത്ര തുടരുന്നവര്‍ക്കിടയില്‍ കുറേ ജീവിതങ്ങളുമുണ്ട്. സമൂഹം ഇവരെ ചിലപ്പോള്‍ ചണ്ഡാലനെന്ന് വിളിച്ചേക്കാം. പക്ഷേ യാത്ര തുടരുന്നവര്‍ക്കിടയില്‍ കാവലാളായി…. ‘നിത്യശാന്തി’ ഒരുക്കുന്ന പൊതുശ്മശാനങ്ങളിലെ കാര്മ്മികര്….
കോഴിക്കോട് വെസ്റ്റ്ഹില്ലില്‍ ബി.ജി. റോഡില്‍ പെരിച്ചുവളപ്പില്‍ വീട്ടില്‍ അജിത്കുമാറും പ്രദീപ്കുമാറും സുനില്‍കുമാറും വര്‍ഷങ്ങളായി പരേതാത്മാക്കള്‍ക്ക് മറ്റൊരു ലോകത്തേയ്ക്ക് വഴിയൊരുക്കി സ്വന്തം ജീവിതത്തിന്റെ അര്‍ത്ഥം തേടുകയാണ്. ഓരോ ചിതയൊരുക്കുമ്പോഴും അടുത്തതാരെന്ന് ഒരു നിശ്ചയവുമുണ്ടാവില്ല. എല്ലാവരെയും സ്നേഹിക്കാനാണ് സഹോദരങ്ങളായ അവരെ അച്ഛന് പഠിപ്പിച്ചത്.
ഈ സഹോദരങ്ങള്‍ക്കിത് അച്ഛന് കാട്ടിക്കൊടുത്ത വഴിയാണ്, അച്ഛന് കൈമാറിയ കര്‍മ്മമാണ്. കെ.വി.ശങ്കരന് തന്റെ മക്കള്‍ക്ക് കൈമാറാനുണ്ടായിരുന്നത് യാത്ര തുടരുന്നവര്‍ക്കിടയിലെ ജീവിതമായിരുന്നു. അച്ഛന്റെ ജീവിതവും ഇതു തന്നെയായിരുന്നു, ജീവിത സന്ദേശവും. പരിഭവമില്ലാതെ മക്കള്‍ അച്ഛന് ഏല്‍പ്പിച്ച പുണ്യകര്‍മ്മത്തിലൂടെ ഇപ്പോള്‍ ജീവിതയാത്രയുടെ കാണ്ഡങ്ങള്‍ പിന്നിടുന്നു. എത്രയോ ജീവിതങ്ങള്‍ ഇവിടെ വന്നു പോയി, പണ്ഡിതന്മാരുണ്ട് ഇക്കൂട്ടത്തില്‍, പാമരന്മാരുണ്ട്, ജീവിതത്തില്‍ ഒട്ടേറെ വെട്ടിപ്പിടിച്ചവര്‍, ഒന്നും സമ്പാദിക്കാതെ ദുരിതപൂര്‍ണ ജീവിതം നയിച്ചവര്‍… പക്ഷേ സുനിശ്ചിത യാത്രയില്‍ ഇവരെല്ലാം സമന്മാര്, ആരും ഒന്നും നേടിയിട്ടില്ല, ഒന്നുമില്ലാതെ മടങ്ങുന്നവര്‍.
അജിത്കുമാര്‍ അച്ഛന്റെ കൈപിടിച്ച് പത്താം വയസ്സില്‍ ചുടലപ്പറമ്പിലേയ്ക്കെത്തി. ബി.ജി. റോഡില്‍ വെസ്റ്റ്ഹില്ലിലാണ് കോഴിക്കോട് കോര്‍പറേഷന്റെ ശ്മശാനം. പരേതാത്മാക്കള്‍ക്കിടയിലെ ജീവിതം ആദ്യമാദ്യം ഭയപ്പെടുത്തുന്നതായിരുന്നു. കറുത്ത പുകച്ചുരുള്‍ രാത്രിസ്വപ്നങ്ങളില്‍ നിറഞ്ഞു. ഈ പുകച്ചുരുളിനിടയിലൂടെ ഓരോ മനുഷ്യരും ഉയരത്തില്‍ പോകുന്നത് സ്വപ്നങ്ങളില്‍ കണ്ട് ഭയന്നു നിലവിളിച്ചു. അച്ഛന് ഈ ജോലിയിലെ നന്മ ഓരോ ദിവസവും സ്വന്തം ജീവിതം കൊണ്ട് കാട്ടിത്തന്നപ്പോള്‍ പരേതാത്മാക്കളെ സ്നേഹിച്ചു തുടങ്ങി.
ഇവര്‍ക്കിത് ജീവിത മാര്‍ഗ്ഗമാണ്. വരുമാനം ഏറെയില്ലെങ്കിലും കുടുംബം പോറ്റാന്‍ ശങ്കരന്റെ മക്കള്‍ ചിതയൊരുക്കല്‍ കര്‍മ്മം തുടരുന്നു. ഒരു ചിതയൊരുക്കിയാല്‍ ആയിരം രൂപ മുതല്‍ ആയിരത്തിയഞ്ഞൂറ് രൂപ വരെ ലഭിക്കാറുണ്ട്. പക്ഷേ ഇതിന് ചെലവാകുന്ന തുക കഴിഞ്ഞാല്‍ മിച്ചം പിടിക്കാന്‍ ഒന്നും തന്നെ ലഭിക്കാറില്ലെന്ന് അജിത്കുമാര്‍ പറയുന്നു. അച്ഛന് ശങ്കരന് കാട്ടിത്തന്ന പാത തുടരുമ്പോഴും തങ്ങളുടെ മക്കളെ ഇതിലേക്ക് കൊണ്ടുവരാന്‍ ഇവരാരും ആഗ്രഹിക്കുന്നില്ല. എങ്കിലും പ്രദീപിന്റെ മക്കള്‍ ചെറിയ സഹായങ്ങളുമായി എത്താറുണ്ട്. മക്കള്‍ക്ക് നല്ല വിദ്യാഭ്യാസം നല്കി ഉയരങ്ങളില്‍ എത്തിക്കണം. തങ്ങള്‍ക്കുണ്ടായ കഷ്ടതകള്‍ മക്കള്‍ക്കുണ്ടാകരുതെന്ന് അവര്‍ ആഗ്രഹിക്കുന്നു.
ശ്മശാനത്തിലെ ചിതയൊരുക്കലിന് സമയ ക്ലിപ്തതയില്ല. ബന്ധുക്കളും സ്നേഹിതരും അയല്‍വാസികളും സ്നേഹപൂര്‍വ്വം ക്ഷണിക്കുന്ന ചടങ്ങുകള്‍ക്ക് പോലും പങ്കെടുക്കാന്‍ പലപ്പോഴും സാധിക്കാറില്ല. എന്നാല്‍ അതിനേക്കാള്‍ ഏറെ മനസ്സിനെ വേദനിപ്പുക്കുന്ന അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ചിതയൊരുക്കലിനിടയിലാണ് ഒരു ദിവസം അച്ഛന് രോഗം മൂര്‍ച്ഛിച്ച വിവരം അറിയുന്നത്. എന്നാല്‍ പാതിവഴിയില്‍ നിര്‍ത്തി പോകാന്‍ പറ്റാത്ത ജോലിയാണല്ലോ ഇത്. അപരിചിതനു വേണ്ടിയായിരുന്നു ചിതയൊരുക്കലെങ്കിലും ചടങ്ങ് മുഴുമിപ്പിക്കാതിരിക്കാന്‍ മനസ്സനുവദിച്ചില്ല. എന്നാല്‍ രോഗം മൂര്‍ച്ഛിച്ച അച്ഛന്റെ അവസ്ഥ മനസ്സിനെ ഏറെ നൊമ്പരപ്പെടുത്തുകയും ചെയ്തു. ഒടുവില്‍ ചിതയൊരുക്കല്‍ കര്മ്മത്തിന് സാക്ഷിയാകാന്‍ വന്നവരുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് ചടങ്ങ് പൂര്‍ത്തിയാക്കി വീട്ടിലേയ്ക്ക് തിരിച്ചത്. ജീവിത യാത്രയില്‍ ഇത് ഏറെ ദു:ഖിപ്പിച്ച അനുഭവമായിരുന്നു. അടുത്ത ബന്ധുക്കള്‍ക്കുപോലും തങ്ങളുടെ ഈ ബുദ്ധിമുട്ടുകള്‍ തിരിച്ചറിയാന്‍ കഴിയാറില്ല. ഉറ്റവരുടെ പരിഭവങ്ങളാണ് പലപ്പോഴും ബാക്കിയാവുന്നത്.
ശ്മശാനത്തിലെ ചടങ്ങുകള്‍ക്ക് സമയക്ലിപ്തത ഏര്‍പ്പെടുത്തണമെന്ന് അജിത് പറയുന്നു. ചിതയൊരുക്കല്‍ എന്നത് സമൂഹത്തില്‍ മോശപ്പെട്ട തൊഴിലാണെന്ന തോന്നലുള്ളതിനാല്‍ ഇപ്പോള്‍ പകരത്തിന് സഹായികളേയും കിട്ടാനില്ല. വാര്‍ദ്ധക്യത്തിന്റെ വിഷമതകള്‍ അനുഭവിക്കുമ്പോള്‍ കൈത്താങ്ങാകാന്‍ സര്‍ക്കാരിന്റെ സഹായവും ഇല്ലെന്ന വസ്തുത ഇവരെ അലട്ടുന്നു. മറ്റു പല മേഖലയിലും നല്‍കിവരുന്ന സഹായം ഈ രംഗത്തെ അവഗണിക്കപ്പെടുന്നവര്‍ക്കുകൂടി അനുവദിക്കണമെന്നാണ് ഇവരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: