*സിഎംഎഫ്ആര്‍ഐയുടെ സമുദ്രമത്സ്യവിത്തുല്പാദന വികസന പദ്ധതിക്ക് 9 കോടി
*സമുദ്രമത്സ്യ കൃഷി ഇനി ജനകീയമാകും
കൊച്ചി: ദേശീയതലത്തില്‍ വിത്തുമത്സ്യ ബാങ്കുകള്‍ (ബ്രൂഡ് ബാങ്ക്) സ്ഥാപിക്കാന്‍ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന് (സിഎംഎഫ്ആര്‍ഐ) കേന്ദ്ര സര്‍ക്കാര്‍ ഒമ്പത് കോടി രൂപ അനുവദിച്ചു. മോദ, വറ്റ എന്നീ കടല്‍മീനുകളുടെ വിത്തുമത്സ്യ ബാങ്കുകള്‍ സ്ഥാപിക്കുന്നതിനും അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കുമാണ് സഹായം. പ്രജനനത്തിന് പാകമായ മത്സ്യങ്ങളുടെ ശേഖരമാണ് വിത്തുമത്സ്യ ബാങ്ക്. കടല്‍ മീനുകളുടെ കൃഷി ജനകീയമാക്കുന്നതിനായി സിഎംഎഫ്ആര്‍ഐ സമര്‍പ്പിച്ച വിത്തുല്പാദന വികസന പദ്ധതിക്കാണ് കേന്ദ്രം അംഗീകാരം നല്‍കിയത്.
സിഎംഎഫ്ആര്‍ഐയുടെ മണ്ഡപം, വിഴിഞ്ഞം ഗവേഷണ കേന്ദ്രങ്ങളിലാണ് മാതൃമത്സ്യബാങ്ക് സ്ഥാപിക്കുന്നത്. കൂടാതെ, പദ്ധതിയുടെ ഭാഗമായി പ്രാദേശിക വിത്തുല്പാദന കേന്ദ്രങ്ങള്‍ എല്ലാ തീരദേശ സംസ്ഥാനങ്ങളിലും സ്ഥാപിക്കും. വിത്തുല്പാദനത്തിനാവശ്യമായ എല്ലാ സംവിധാനങ്ങളും വിത്തുമത്സ്യ ബാങ്കിലുണ്ടാകും. ഗുണനിലവാരമുള്ള മത്സ്യവിത്തുകളുടെ ദൗര്‍ലഭ്യം സമുദ്രകൃഷി വ്യാപനത്തിന് തടസ്സമാകുന്ന സാഹചര്യത്തിലാണ് പുതിയ വിത്തുല്പാദന സംവിധാനം. കൂട് മത്സ്യ കൃഷിക്ക് ഏറെ അനുയോജ്യമായ മോദ, വറ്റ മീന്‍ കുഞ്ഞുങ്ങള്‍ എല്ലാ സംസ്ഥാനങ്ങളിലൂം ആവശ്യമായ തോതില്‍ ലഭ്യമാക്കുകയാണ് പുതിയ പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നതെന്ന് സിഎംഎഫ്ആര്‍ഐ ഡയറക്ടര്‍ ഡോ എ ഗോപാലകൃഷ്ണന് അറിയിച്ചു.
ഈ സംവിധാനം വരുന്നതോടെ, കൃഷിയിറക്കാന്‍ പാകമായ 10 ദശലക്ഷം വറ്റ മീന്‍കുഞ്ഞുങ്ങളും 3 ദശലക്ഷം മോദ മീന്‍കുഞ്ഞുങ്ങളും ഉല്പാദിപ്പിക്കാനാകും. ഇവയുടെ കൂടുമത്സ്യകൃഷി ഇതോടെ വന്‍തോതില്‍ വ്യാപിക്കാന്‍ ഇത് സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
സിഎംഎഫ്ആര്‍ഐയുടെ മണ്ഡപം ഗവേഷണ കേന്ദ്രത്തെ കൂടുമത്സ്യകൃഷിയുടെ നോഡല്‍ ഹബ്ബാക്കി മാറ്റും. രാജ്യത്തിന്റെ എല്ലാ ഭാഗത്തേക്കും കൃഷിക്ക് ആവശ്യമായ മീന്‍കുഞ്ഞുങ്ങളെ ഇവിടെ നിന്ന് വിതരണം ചെയ്യും. പ്രാദേശിക മീന്വിത്തുല്പാദന കേന്ദ്രങ്ങളിലൂടെയാണ് വിതരണം നടത്തുക. രാജ്യത്തെ കൂടുമത്സ്യ കൃഷിയുടെ നോഡല്‍ കേന്ദ്രമായി മണ്ഡപം മാറുന്നത് കൂടുമത്സ്യകൃഷി രംഗത്ത് കേരളത്തിന് മികച്ച സാധ്യത നല്‍കും. നിലവില്‍ ആയിരത്തിലധികം കൂടുമത്സ്യകൃഷി സംരംഭങ്ങള്‍ ഇന്ത്യന്‍ സമുദ്രതീരങ്ങളിലുണ്ട്.
കടലിലെ കൂടു മത്സ്യകൃഷി വ്യവസ്ഥാപിതമാക്കുന്നതിന് ദേശീയ സമുദ്രകൃഷി നയത്തിന്റെ കരട് രൂപം സിഎംഎഫ്ആര്‍ഐ തയ്യാറാക്കി വരികയാണ്. വിവിധ സംസ്ഥാനങ്ങളിലെ ഫിഷറീസ് വകുപ്പുമായി ആശയവിനിമയം നടത്തിയാണ് കരട് തയ്യാറാക്കുന്നത്. കൂടുമത്സ്യകൃഷി രംഗത്ത് വന്‍തോതില്‍ നിക്ഷേപങ്ങള്‍ വരുന്നതിന് സമഗ്രമായ സമുദ്രകൃഷി നയം ആവശ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: