കൊളത്തൂര്‍: പോലീസ് സ്റ്റേഷന് പരിസരം ഇഴജന്തുക്കളുടെ ആവാസകേന്ദ്രമായി മാറുന്നു.
മണല്‍ക്കടത്തിലും മറ്റും പിടികൂടിയ തൊണ്ടിവാഹനങ്ങള്‍ കൂട്ടിയിട്ടിരിക്കുന്നതാണ് പ്രശ്നം. ഈ വാഹനങ്ങള്‍ ലേലം ചെയ്ത് മാറ്റണമെന്ന് ഉത്തരവുണ്ടെങ്കിലും ഇതുവരെ നടപടിയായില്ല. ജില്ലയില്‍ വിവിധയിടങ്ങളില്‍ സൂക്ഷിച്ച ഇത്തരത്തിലുളള എഴുനൂറോളം വാഹനങ്ങളാണ് ലേലം ചെയ്യാനുള്ള അനുമതിയായിരിക്കുന്നത്.
കുന്തിപുഴയില്‍ നിന്ന് മണല്ക്കടത്തുന്നതിനിടെ പിടിക്കപ്പെട്ട നിരവധി വാഹനങ്ങള്‍ കൊളത്തൂര്‍ പോലീസ് സ്റ്റേഷന് സമീപത്തും കൊളത്തൂര്‍ പഴയ പോലീസ് സ്റ്റേഷന് പരിസരത്തുമായി കൂട്ടിയിട്ടിരിക്കുകയാണ്. ജനങ്ങള്‍ക്ക് ഇത് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായും പരാതിയുണ്ട്. ജനങ്ങളുടെ ആരോഗ്യത്തിന് തന്നെ ഇവ കാരണമാകുന്നു.
മഴക്കാലമായതോടെ വാഹങ്ങളിലെ ഗ്രീസും ഓയിലും തുരുമ്പും കലര്‍ന്ന വെള്ളം പലഭാഗങ്ങളിലും കെട്ടികിടക്കുന്നത് കൊതുകുശല്ല്യം രൂക്ഷമാക്കിയിട്ടുണ്ട്. ഈ വെള്ളം സമീപങ്ങളിലെ ജലസ്രോതസ്സുകളെയും മലിനമാക്കുന്നു.
കൂടാതെ വര്‍ഷങ്ങളായി കൂട്ടിയിട്ട വാഹനങ്ങള്‍ക്കിടയില്‍ പൊന്തക്കാടുകള്‍ തഴച്ചു വളര്‍ന്നത് ഇഴജന്തുക്കള്‍ അടക്കമുള്ളവയുടെ ശല്ല്യവും രൂക്ഷമാക്കിയിട്ടുണ്ട്. ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന നൂറുകണക്കിന് വാഹനങ്ങള്‍ എത്രെയും വേഗം മാറ്റുവാനുള്ള നടപടികള്‍ ബന്ധപ്പെട്ടവര്‍ കൈകൊള്ളണമെന്നാണ് സമീപവാസികളുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: