തൃശൂര്‍ : കമ്യൂണിസത്തിന്റെ ആഗോളവത്കരണമല്ല ചൈനയെ നയിക്കുന്നത് സ്വാര്‍ത്ഥ താത്പര്യങ്ങളുടെ ആഗോളവത്കരണമാണെന്ന് ഭാരതീയ വിചാര കേന്ദ്രം ഉപാധ്യക്ഷ ഡോ.എസ്.ഉമാദേവി. സാഹിത്യ അക്കാദമി ഹാളില്‍ ചൈന ഉയര്‍ത്തുന്ന വെല്ലുവിളികള്‍ എന്ന വിഷയത്തെക്കുറിച്ച് പ്രഭാഷണം നടത്തുകയായിരുന്നു അവര്‍. ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള അന്തരം ചൈനയില്‍ വളരെ വലുതാണ്. സ്വന്തം ദേശീയ താത്പര്യങ്ങള്‍ക്കപ്പുറം ചൈനക്ക് മറ്റ് ആശയങ്ങളിലൊന്നും ഒരു താത്പര്യവുമില്ല. സാമ്പത്തികമായും സൈനികമായും മേല്‍ക്കൈ സ്ഥാപിക്കാനും മറ്റു രാഷ്‌ട്രങ്ങളെ ചൂഷണം ചെയ്യാനുമാണ് ചൈനീസ് ഭരണകൂടത്തിന്റെ ശ്രമം.
കമ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ പിടിയില്‍ നിന്ന് വിമുക്തമായാലേ ചൈന അതിന്റെ യഥാര്‍ത്ഥ സ്വത്വം തിരിച്ചറിയൂവെന്ന് തപസ്യ സംസ്ഥാന സംഘടന സെക്രട്ടറി പി.ഉണ്ണികൃഷ്ണന്‍ പറഞ്ഞു. ഇന്ത്യയും ചൈനയും യോജിച്ച് നീങ്ങിയാല്‍ ലോകത്തിന് പ്രയോജനം ചെയ്യും. ഏഷ്യയുടെ ധാര്‍മ്മികത ശക്തിപ്പെടും. ഇത്തരം നീക്കങ്ങളുണ്ടാകാന്‍ ചൈന അതിന്റെ കമ്യൂണിസ്റ്റ് സാമ്രാജ്യത്വ ഭരണത്തില്‍ നിന്ന് വിമുക്തമാകണം. പി.പരമേശ്വരന്‍ നവതിയാഘോഷത്തിന്റെ ഭാഗമായി വിവേകാനന്ദ പഠന കേന്ദ്രമാണ് സെമിനാര്‍ സംഘടിപ്പിച്ചത്. വിചാരകേന്ദ്രം സംസ്ഥാന അധ്യക്ഷന്‍ ഡോ.എം.മോഹന്‍ദാസ് അധ്യക്ഷനായി. ഒ.എസ് അഭിലാഷ്, പി.എസ് ഗോകുല്‍ നാഥ് എന്നിവര്‍ സംസാരിച്ചു.
















