സ്വയം വില്പ്പനച്ചരക്കാകുകയും അന്യരെക്കൊണ്ട് ബുദ്ധിജീവിപ്പട്ടം തലയില്‍വെപ്പിക്കുകയും ചെയ്യുന്ന ഇന്നത്തെ പല എഴുത്തുകാര്‍ക്കൊരിക്കലും കടന്നുചെല്ലാനാവാത്ത പ്രതിഭയുടെ ആനവാതില്‍ തുറന്നിട്ട ജീവിതമായിരുന്നു ടി ആറിന്റേത്. അറിയപ്പെടലിന്റെ നെറ്റിപ്പട്ടമില്ലാതെ ആയിരക്കണക്കിനു ശിഷ്യന്മാര്ക്കു സുഹൃത്തായും ആള്‍ക്കൂട്ടത്തിനിടയില്‍ ആരുമറിയാത്ത സര്വസാധാരണക്കാരനായും കടന്നുപോയതുകൊണ്ടാവണം ഒരുനിമിഷം അനാഥനും അന്യനുമായി ടി.ആര് വീടിനടുത്തെ കടവരാന്തയില്‍ മരിച്ചുകിടന്നത്.
എല്ലാവരും മരണത്തിലും സാധാരണക്കാരാവുമ്പോള്‍ ജീവിതവുമായി വെറുതെ തല്ലിക്കളിച്ചു നടന്ന ടി ആറിന്റെ മരണവും അസാധാരണമായി. ഒരുപക്ഷേ മരണവും നീതികാണിച്ചുവെന്നു പറയുന്നത് ഒരാള്‍ മാത്രമാകും,ടി.ആര്.ഇങ്ങനെ അല്ലെങ്കില്‍ മറ്റൊരു വിധമാകാം ടിആറിനു മരണം.എന്തായാലും സാധാരണ മരണത്തിന് അദ്ദേഹത്തെ പിടികൂടാന്‍ കിട്ടില്ലായിരുന്നു!ഇന്ന് ടി.ആര് മരിച്ച ദിനം. അനുകരണത്തിന്റെ കടബാധ്യതകളില്ലാത്ത മലയാളത്തിലെ ഒറ്റയാന് എഴുത്തായിരുന്നു ടി.ആര് എന്ന ടി.രാമചന്ദ്രന്റേത്. എഴുത്തിലും ചിന്തയിലും സ്വന്തം പരിസരം ഉണ്ടായിരുന്നു ടിആറിന്. അറുപതുകളില്‍ മലയാള ചെറുകഥ ആധുനികതയുടെ ഉയരങ്ങള്‍ താണ്ടുമ്പോള്‍ അതിലും ഉയരത്തിലായിരുന്നു ടി.ആര്.എഴുത്തുകാരുടെ പുതു പ്രതിഭയും അതിനോടു വളരുന്ന വായനക്കാരന്റെ അഭിരുചിയേയും അതിനേക്കാള്‍ അപരിചിത ഭാവനയിലേക്ക് എടുത്തെറിഞ്ഞ് അദ്ദേഹം വലിയ ആധുനികനായി.
ജീവിതത്തിന്റെയും എഴുത്തിന്റെയും പിന്തുടര്ച്ചാവകാശമുള്ള പാരമ്പര്യ കസര്‍ത്തുകളെ ഉഴുതുമറിച്ചു പോയതായിരുന്നു ആ എഴുത്ത്. അതിന് തന്റെതായൊരു ഭാഷയും ശൈലിയും ഈ എഴുത്തുകാരന് ഉപയോഗിച്ചു. ഇതിനെ പിന്തുടരാന് പരിശീലനം ഇല്ലാത്ത വായനക്കാരാകട്ടെ ഈ അപരിചിത മേഖലയിലേക്കു കയറാന്‍ ധൈര്യപ്പെടാതെ പലപ്പോഴും മടിച്ചു നിന്നു. അങ്ങനെ ടി.ആര് എന്ന എഴുത്തുകാരന് ഗൗരവവായനയുടെ ബ്രാന്റായിത്തീര്ന്നു. അതുകൊണ്ട് ഇനിയും കൂടുതല്‍ വായിക്കപ്പെടേണ്ട അനിവാര്യതയിലേക്കാണ് ഈ എഴുത്തുകാരന് അടയാളപ്പെടുന്നത്.
ജീവിതത്തെ അതില്‍ തന്നെ മുഴുകിയാണ് കണ്ടറിഞ്ഞത്. അൗപചാരികത ഇല്ലാത്തതായിരുന്നു ആ ജീവിതം. ടെക്സ്റ്റു പുസ്തകങ്ങള്‍ പരിമിതപ്പെടുത്താത്ത അധ്യാപക ജീവിതം.ജീവിതംപോലെ തന്നെ അത് ഔട്ട് ഓഫ് സിലബസായി. ഇത്തരം രീതികേടും ശീലക്കേടും കൊണ്ടായിരിക്കണം എഴുത്തിലും പാരമ്പര്യനിരാസം ടി.ആറില്‍ ഉണ്ടായത്.
അധികം എഴുതിയിട്ടില്ല ടി.ആര്.എന്തിന് അധികമെന്ന് ആ കുറച്ചെഴുത്തുകള്‍ വായിക്കുമ്പോള്‍ തന്നെ മനസിലാകും.കൊരുന്ന്യേടത്തു കോമുട്ടി,നാം നാളെയുടെ നാണക്കേട്,ജാസക്കിനെ കൊല്ലരുത്,ചിത്രകലയും ചെറുകഥയും,ഒരു പുതിയ ക്രമം എന്നിങ്ങനെ ഏതാലും ചിലത്.ഒരു പുതിയ ക്രമം മലയാള ചെറുകഥയില്‍ ക്രമമില്ലായ്മ എന്ന ക്രമം തീര്‍ക്കുകയായിരുന്നു.അതുവരെ നിലനിന്നിരുന്ന കഥയിലെ രീതികള്‍ക്കെതിരെയായിരുന്നു ആ കഥയുടെ ഘടനയും ആശയവും ഭാഷയും എന്നത് ആ രചനയെ തന്നെ മാറ്റിനിര്‍ത്തുന്നുണ്ട്. സ്ഥലകാലങ്ങള്‍ എങ്ങനെ കഥയില്‍ പ്രയോഗിക്കാമെന്നും സ്വാഭാവികമായി അതെങ്ങെ കടന്നുവരുന്നുവെന്നും ടി.ആര്കഥകളില് കാണാം.
ചിത്രകലയെക്കുറിച്ച് വഴിമാറിയുള്ള പഠനമാണ് ചിത്രകലയും ചെറുകഥയും.മുന്നുപാധികളുള്ള പഠനങ്ങള്‍ക്കൊന്നും ഇതില്‍ സ്ഥാനമില്ല.ചിത്രകലയും ചെറുകഥയും തമ്മിലുള്ള കൊടുക്കല്‍ വാങ്ങലുകളും അവ പരസ്പ്പരം ഒളിഞ്ഞും തെളിഞ്ഞുമുള്ള ഇരിപ്പുകളും പുതിയൊരു മാനങ്ങളില്‍ ടി.ആര് അന്വേഷിക്കുന്നുണ്ട്. സ്ഥകാലങ്ങള്‍ എങ്ങനെയാണ് ചിത്രകലയില്‍ ബന്ധപ്പെട്ടു നില്‍ക്കുന്നതെന്നും ഇവിടെ പരിചിന്തനമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: