കാസര്‍കോട്: കുണ്ടംകുഴി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പ്രവേശന സമയത്ത് അനധികൃത പണപ്പിരിവ് നടത്തിയെന്ന പരാതി സംബന്ധിച്ച് ഡിഡിഇ സുരേഷ് കുമാര്‍ സ്കൂളിലെത്തി അന്വേഷണം നടത്തി. കുണ്ടംകുഴി സ്കൂളില്‍ ഇംഗ്ലീഷ് മീഡിയം ഒന്നാം വര്‍ഷ പ്രവേശനത്തിന് കുട്ടികളുടെ രക്ഷിതാക്കളോട് പണം വാങ്ങിയെന്ന പരാതിയുമായി ബന്ധപ്പെട്ട് പ്രധാനാധ്യാപിക ഉഷയോട് ഡിഡിഇ വിവരങ്ങള്‍ ആരാഞ്ഞു.
സ്കൂള്‍ വികസന സമിതിയിലേക്കെന്ന് പറഞ്ഞാണ് ആറുലക്ഷത്തോളം രൂപ കുട്ടികളില്‍ നിന്ന് ശേഖരിച്ചത്. പണം നല്‍കിയില്ലെങ്കില്‍ പ്രവേശനം നല്‍കില്ലെന്ന് ഭീഷണി മുഴക്കുകയും ചെയ്തിരുന്നു.
സ്കൂള്‍ പ്രവേശനത്തിന് ഒരു രൂപ പോലും വാങ്ങരുതെന്ന സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദ്ദേശം ലംഘിച്ചാണ് കുണ്ടംകുഴി സ്കൂളില്‍ പണപ്പിരിവ് നടത്തിയത്. ഈ വിവരം അറിഞ്ഞതോടെ സംസ്ഥാന ബാലാവകാശ കമ്മീഷന് രംഗത്ത് വരികയും അന്വേഷണം നടത്തുകയും ചെയ്തു.
രക്ഷിതാക്കളില്‍ നിന്ന് വാങ്ങിയ പണം അവര്‍ക്ക് തന്നെ തിരിച്ച് നല്‍കണമെന്നാണ് ബാലാവകാശ കമ്മിഷന് ഉത്തരവിട്ടത്. എന്നാല്‍ പണപ്പിരിവിനെതിരെ പരാതി നല്കിയ രക്ഷിതാവിന് മാത്രമാണ് പണം തിരിച്ച് നല്‍കിയത്. മറ്റുളളവര്‍ക്കൊന്നും ഇപ്പോഴും പണം ലഭിച്ചിട്ടില്ല.
പരാതി നല്കിയ രക്ഷിതാവ് പണം വാങ്ങാന്‍ സ്കൂളില്‍ വന്നപ്പോള്‍ അദ്ദേഹത്തെ ആക്രമിക്കാനും ചിലര്‍ ശ്രമം നടത്തി. ആദൂര്‍ സി ഐ സിബി തോമസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമെത്തിയാണ് ഈ രക്ഷിതാവിനെ രക്ഷപ്പെടുത്തി സ്കൂളില്‍ നിന്നും പുറത്തേക്ക് കൊണ്ടുപോയത്.
ഇതിനിടെ സ്കൂളില്‍ പിടിഎ യോഗം ചേരുകയും മറ്റു രക്ഷിതാക്കള്‍ക്ക് പണം തിരിച്ചു കൊടുക്കേണ്ടതില്ലെന്ന് തീരുമാനിക്കുകയും ചെയ്തു. സ്കൂള്‍ വികസന ഫണ്ടിലേക്ക് ഈ പണം സ്വമേധയാ നല്‍കിയതാണെന്ന് രക്ഷിതാക്കളോട് കത്തെഴുതി വാങ്ങുകയും ചെയ്തു.
ഭീഷണിയും സമ്മര്‍ദ്ദ തന്ത്രവും പ്രയോഗിച്ചാണ് ഇങ്ങനെ കത്തെഴുതിച്ചതെന്നാണ് വിവരം. ഈ യോഗത്തില്‍ പങ്കെടുത്തവരില്‍ ഭൂരിഭാഗവും സ്ത്രീകളാണ്.
സ്കൂളില്‍ നിന്ന് വിശദമായ റിപ്പോര്‍ട്ട് ശേഖരിച്ച് ഡിപിഐക്ക് നല്‍കുമെന്ന് ഡിഡിഇ പറഞ്ഞു. അനധികൃത പണപ്പിരിവ് സംബന്ധിച്ച് ജന്മഭൂമി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നല്കിയ പരാതിയെ തുടര്‍ ന്നാണ് അന്വേഷണം നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: