കൊട്ടേക്കാട് : ആറങ്ങോട്ടുകുളമ്പില്‍ കാട്ടാനയുടെ ആക്രമണത്തില്‍ പ്രദേശവാസിയായ സ്വാമിനാഥന്(40) മരണപ്പെട്ട സാഹചര്യത്തില്‍ ജനവാസകേന്ദ്രത്തിലേക്കുളള കാട്ടാനകളുടെ പ്രവേശനം തടഞ്ഞ് ഭീതിയകറ്റുമെന്ന് ജില്ലാ കളക്ടര്‍ പി.മേരിക്കുട്ടി പറഞ്ഞു.
പ്രദേശത്ത് കാട്ടാന ഇറങ്ങാതിരിക്കാനുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി. കാട്ടാന ആക്രമണത്തെ തുടര്‍ന്ന് ജില്ലാ കളക്ടറുടെ ചേംബറില്‍ ചേര്‍ന്ന ജനപ്രതിനിധികളുടേയും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടേയും പ്രദേശവാസികളുടേയും യോഗത്തിലാണ് ജില്ലാ കളക്ടര്‍ ഇക്കാര്യം അറിയിച്ചത്.
മരണപ്പെട്ട സ്വാമിനാഥന്റെ കുടുംബത്തിന് ആദ്യഘട്ടമായി 10,000 രൂപ ധനസഹായം നല്‍കും. ജൂലൈ 31ന് തിരുവനന്തപുരത്ത് നടക്കുന്ന മന്ത്രിതല യോഗത്തില്‍ കൂടുതല്‍ ധനസഹായവും ഭാര്യക്ക് ജോലിയും ആവശ്യപ്പെടും. അടിക്കാട് വെട്ടുക, വൈദ്യുതി വേലി, തെരുവ് വിളക്കുകള്‍, വനം വകുപ്പിന് ആവശ്യമായ സുരക്ഷാ ഉപകരണങ്ങള്‍, കൂടുതല്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവ സര്‍ക്കാരിനോട് ആവശ്യപ്പെടും. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ജോലി തടസപ്പെടുന്ന രീതിയില്‍ പ്രതിഷേധം ഉണ്ടാകരുതെന്നും ജില്ലാ കളക്ടര്‍ യോഗത്തില്‍ പറഞ്ഞു.
കഴിഞ്ഞദിവസം രാത്രിയില്‍ ബൈക്കില്‍ ജോലിക്ക് പോകുമ്പോഴാണ് സ്വാമിനാഥനെ കാട്ടാന ആക്രമിച്ചത്. രൂക്ഷമായ കാട്ടാന ശല്യം നിലനില്‍ക്കുന്ന പ്രദേശമാണ് ആറങ്ങോട്ട്കുളമ്പെന്ന് പ്രദേശവാസികള്‍ പറയുന്നു. സ്വാമിനാഥന്റെ കുടുംബത്തിന് ഗ്രാമപഞ്ചായത്ത് വീട് നിര്‍മിച്ച് നല്‍കുമെന്ന് യോഗത്തില്‍ പങ്കെടുത്ത മലമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാ രാമചന്ദ്രന് പറഞ്ഞു. സംഭവത്തില്‍ പൊലീസ് ഇടപെടലില്‍ വീഴ്ച്ചപറ്റിയെന്ന ആരോപണം പരിശോധിക്കുമെന്ന് അസി.പൊലീസ് സൂപ്രണ്ട് ജി.പൂങ്കുഴലി പറഞ്ഞു.
മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ഷൈജ, നഗരസഭാ വൈസ് ചെയര്മാന് സി.കൃഷ്ണകുമാര്‍, മലമ്പുഴ എം.എല്‍.എ വി.എസ് അച്ചുതാനന്ദന്റെ പ്രതിനിധികളായ പി.എ. ഗോകുല്‍ദാസ്, എസ്.സുഭാഷ് ചന്ദ്രബോസ്, എ.പ്രഭാകരന്, ഡി.എഫ്.ഒ. സാമുവല്‍ വി.പച്ചൗ, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു.
സ്വാമിനാഥന് സഞ്ചരിച്ചിരുന്ന ബൈക്കില്‍ നിന്നു 100 മീറ്റര്‍ അകലെ വരെ മൃതദേഹം കാട്ടാനകള്‍ വലിച്ചിഴച്ചിട്ടുണ്ട്. രോഷാകുലരായ നാട്ടുകാര്‍ സ്ഥലത്തെത്തിയ ഡിഎഫ്ഒ ഉള്‍പ്പെടെയുള്ള വനംവകുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞതും മറ്റും സംഘര്‍ഷത്തിനിടയാക്കിയിരുന്നു.
ഭാര്യ: രമാദേവി. മക്കള്‍: ശരത്, ശ്യാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: