കൊച്ചി : കോഴിവില സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിന്റെ കള്ളക്കളി പുറത്ത്. ഇന്നലെ ഹൈക്കോടതിയിലാണ് സര്‍ക്കാരിന്റെ കപടം പുറത്തായത്. ഇറച്ചിക്കോഴി വില കിലോയ്ക്ക് 87 രൂപയാക്കണമെന്നത് കോഴിക്കച്ചടവക്കാരോടുള്ള അഭ്യര്‍ത്ഥനയായിരുന്നെന്നും ഇതുമായി ബന്ധപ്പെട്ട് ഉത്തരവൊന്നും ഇറക്കിയിട്ടില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ബോധിപ്പിച്ചു.
കോഴിയുടെ വില കുറയ്ക്കണമെന്ന ധനമന്ത്രിയുടെ നിര്‍ദ്ദേശത്തിനെതിരെ ആള് കേരള പൗള്‍ട്രി ഫാമേഴ്സ് ആന്‍ഡ് ട്രേഡേഴ്സ് അസോസിയേഷന് നല്കിയ ഹര്‍ജിയിലാണ് സര്‍ക്കാര്‍ അഭിഭാഷകന് ഇക്കാര്യം പറഞ്ഞത്. വാദം പൂര്‍ത്തിയായതിനെത്തുടര്‍ന്ന് ഹൈക്കോടതി വിധി പറയാന്‍ മാറ്റി. കോഴിവില വളരെ കൂടുതലാണെന്നാണ് സര്‍ക്കാരിന്റെ നിലപാട്. ജൂണ്‍ 30 ന് 103 രൂപയായിരുന്നു വില. പിന്നീട് ഇതു പടിപടിയായി ഉയര്‍ന്നു. 14.5 ശതമാനം ഏര്‍പ്പെടുത്തിയിരുന്ന നികുതി ജി.എസ്.ടി വന്നതോടെ ഇല്ലാതായി.
ഈ സാഹചര്യത്തില്‍ നികുതിയിനത്തിലുള്ള ലാഭം പൊതുജനത്തിന് ലഭിക്കണമെന്ന ലക്ഷ്യത്തോടെയാണ് കിലോ വില 87 രൂപയായി കുറയ്ക്കാന്‍ നിര്‍ദേശിച്ചത്. എന്നാല്‍ കോഴി വില കുറയാത്തതിനു കാരണം നികുതിയല്ലെന്നും ഇതിന്റെ ലഭ്യതയാണെന്നുമായിരുന്നു ഹര്‍ജിക്കാരുടെ വാദം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: