ഇരിങ്ങാലക്കുട: മുസ്ലിം യുവാവിനൊപ്പം വിടുവിട്ട് ഇറങ്ങിപ്പോയ പെണ്‍കുട്ടിയെ കോടതി മഹിളാ മന്ദിരത്തിലേക്ക് വിട്ടു. പാവറട്ടി സ്വദേശിനിയായ പതിനെട്ടുകാരിയെയാണ് ഇരിങ്ങാലക്കുട മജിസ്‌ട്രേറ്റ് കോടതി തൃശൂരിലുള്ള മഹിളാ മന്ദിരത്തിലേക്ക് വിട്ടത്. കഴിഞ്ഞ 13നാണ് പെണ്‍കുട്ടി പുതുക്കാട് സ്വദേശിയായ യുവാവിനൊപ്പം പോയത്. ഇതിനെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ പിതാവ് ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കിയിരുന്നു.
ഈ കേസ് തിങ്കളാഴ്ച ഹൈക്കോടതി പരിഗണിക്കാനിരിക്കവെയാണ് ഇന്നലെ രാവിലെ പെണ്‍കുട്ടി യുവാവിനൊപ്പം ഇരിങ്ങാലക്കുട മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരായത്.
തുടര്‍ന്ന് കോടതി പ്രോസിക്യൂഷന്‍ വാദം കേള്‍ക്കാന്‍ മാറ്റി വെച്ചു. ഇതിനിടയില്‍ പെണ്‍കുട്ടിയുടെ പിതാവും കോടതിയിലെത്തി. തുടര്‍ന്ന് കോടതി പ്രോസിക്യൂഷന്‍ വാദം കേള്‍ക്കുകയും രേഖകള്‍ പരിശോധിക്കുകയും ചെയ്തു. മൈനറായിരിക്കെ ഈ പെണ്‍കുട്ടിയെ ഇയാള്‍ ലൈംഗീകമായി പീഡിപ്പിച്ചതിന് കേസുള്ളതായും ഇതിന്റെ പേരില്‍ മൂന്നു മാസം ഇയാള്‍ ജയിലില്‍ കിടന്നിരുന്നതായും കോടതിക്ക് ബോധ്യപ്പെട്ടു. ഇക്കാര്യങ്ങള്‍ കൂടി പരിഗണിച്ചാണ് കോടതി മൂന്ന് ദിവസത്തേക്ക് മഹിളാമന്ദിരത്തിലേക്ക് വിടാന്‍ നിര്‍ദ്ദേശിച്ചത്.
















