പരപ്പനങ്ങാടി: ചൊവ്വാഴ്ച രാത്രി മുതല്‍ ഇന്നലെയും തുടര്‍ച്ചയായി വീശിയടിച്ച ചുഴലിക്കാറ്റില്‍ പരക്കെ നാശനഷ്ടം.
വള്ളിക്കുന്ന് അരിയല്ലൂര്‍ കരുമരക്കാട് ഭാഗങ്ങളില്‍ കനത്ത കൃഷി നാശവുമുണ്ടായി. ഇന്നലെ രാവിലെ ഏഴുമണിയോടെയുണ്ടായ ചുഴലിക്കാറ്റില്‍ കരുമരക്കാട്-പൂന്തിരുത്തിയില്‍ വിദ്യാര്‍ത്ഥികളെ കയറ്റാനായി നിര്‍ത്തിയിട്ടിരുന്ന സ്കൂള്‍ ബസിനു മുകളിലേക്ക് ട്രാന്‍സ്ഫോര്‍മറും രണ്ടു പോസ്റ്റുകളും വീണു. ബസില്‍ വിദ്യാര്‍ത്ഥികളില്ലാത്തതിനാല്‍ വന്‍ അപകടം ഒഴിവായി. ഇതോടൊപ്പം വൈദ്യുതി ലൈനിലെ ഏഴോളം പോസ്റ്റുകളും നിലംപൊത്തിയിട്ടുണ്ട്.
പ്രദേശത്ത് വൈദുതി വിതരണം പൂര്‍ണമായും മുടങ്ങി. മരങ്ങള്‍ വീടുകള്‍ക്ക് മേല്‍ കടപുഴകി വീണ് നിരവധി അപകടങ്ങളുണ്ടായിട്ടുണ്ട്. പുക്കേല് ചന്ദ്രശേഖരന്, കുമ്മിണി വീട്ടില്‍ മോഹനന്, പളളിയാളി മുജീബ് തുടങ്ങിയവരുടെ വീടുകളും പുഴക്കല്‍ അയ്യപ്പന്റെ വീടിനോട് ചേര്‍ന്ന അടുക്കളയും കോയം കുളത്തെ മലയില്‍ അപ്പുക്കുട്ടന്റെ തൊഴുത്തും മരങ്ങള്‍ കുപുഴകി വീണ് നശിച്ചിട്ടുണ്ട്. തീരദേശങ്ങളില്‍ ജാഗ്രതാ നിര്‍ദേശമുള്ളതിനാല്‍ മത്സ്യതൊഴിലാളികള്‍ക്ക് കടലില്‍ പോകാനായിട്ടില്ല. പരപ്പനങ്ങാടി മുതല്‍ ആനങ്ങാടി വരെയുള്ള തീരദേശം കടലാക്രമണ ഭീതിയിലാണ് കഴിയുന്നത്.
ജില്ലയില്‍ രണ്ടുദിവസമായി കനത്തമഴയാണ് അനുഭവപ്പെടുന്നത്. മലയോരവും ഇടനാടും കടലോരവും വിറച്ചു. ജില്ലയുടെ കിഴക്കന്‍ പ്രദേശങ്ങളില്‍ രാവിലെ കുറച്ച് വെയിലുണ്ടായിരുന്നതൊഴിച്ചാല് നല്ല മഴയായിരുന്നു. പലയിടങ്ങളിലും കനത്ത നാശനഷ്ടവുമുണ്ടായി. തീരമേഖലയില്‍ പുലര്‍ച്ചെമുതല്‍ ആഞ്ഞുവീശിയ കാറ്റ് കനത്ത നാശനഷ്ടങ്ങളുണ്ടാക്കി. താനൂര്‍, തിരൂര്‍, പൊന്നാനി ഭാഗങ്ങളില്‍ മരങ്ങള്‍ കടപുഴകിവീണു. മത്സ്യബന്ധനത്തിനിറങ്ങിയവര്‍ കാറ്റുമൂലം മടങ്ങി.
അതിനിടയില്‍ കാലവര്‍ഷത്തിനായി പ്രത്യേകം ഒരുക്കിയ കണ്ട്രോള് റൂം പ്രവര്‍ത്തനം കാര്യക്ഷമമല്ലെന്ന് പരാതിയുയരുന്നു. ജില്ലയില്‍ നടക്കുന്ന അപകടങ്ങള്‍ പലതും കണ്ട്രോള് റൂം അറിയുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: