കോഴിക്കോട്: സംസ്ഥാന സര്‍ക്കാരിന്റെ ഉടമസ്ഥതയില്‍ കേരള സ്റ്റേറ്റ് ടെക്‌സ്റ്റൈല്‍ കോര്‍പ്പറേഷന്റെ കീഴിലുള്ള കോഴിക്കോട് തരുവണ്ണൂര്‍ കോട്ടണ്‍ മില്ലില്‍ സ്ത്രീ തൊഴിലാളികള്‍ക്ക് നേരെ കടുത്ത നിയമ ലംഘന നടപടിയെന്ന് പരാതി.
തിരുവണ്ണൂരിലെ മലബാര്‍ സ്പിന്നിംഗ് ആന്‍ഡ് വീവിംഗ് കമ്പനിയില്‍ നിയമവിരുദ്ധമായി സ്ത്രീതൊഴിലാളികളെ രാത്രി ഷിഫ്റ്റുകളില്‍ നിയോഗിക്കുന്നുവെന്നാണ് ആരോപണം. രാത്രി പത്ത് മണിക്ക് ശേഷം സ്ത്രീ തൊഴിലാളികളെ ആശുപത്രി ഒഴിച്ചുള്ള സ്ഥാപനങ്ങളില്‍ ജോലിക്ക് നിര്‍ത്തരുതെന്നാണ് നിയമം. എന്നാല്‍ ഇതിന്റെ കടുത്ത ലംഘനമാണ് തിരുവണ്ണൂരില്‍ സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള സ്ഥാപനത്തില്‍ നടക്കുന്നത്.
രാത്രി 12 മണി വരെ ഇവിടെ സ്ത്രീ തൊഴിലാളികളെക്കൊണ്ട് ജോലി ചെയ്യിക്കുന്നുണ്ടെന്നാണ് പറയപ്പെടുന്നത്. അതേ സമയം രാത്രി 10 മണി വരെ ഇത്തരം സ്ഥാപനങ്ങളില്‍ ജോലി ചെയ്യേണ്ടിവരുന്ന സ്ത്രീ തൊഴിലാളികളെ ജോലി സമയത്തിന് ശേഷം പ്രത്യേക വാഹനത്തില്‍ അവരവരുടെ താമസസ്ഥലത്ത് എത്തിക്കണമെന്നാണ് നിയമം. എന്നാല്‍ ഈ നിയമം തിരുവണ്ണൂരിലെ പൊതുമേഖലാ സ്ഥാപനത്തിന് ഒട്ടും ബാധകമല്ലാത്ത അവസ്ഥയാണ്.
രാത്രി ജോലി കഴിഞ്ഞ ശേഷം സ്ത്രീ തൊഴിലാളികള്‍ പിറ്റേന്ന് രാവിലെ വരെ കഴിയുന്നത് യാതൊരു സൗകര്യവുമില്ലാത്ത ”തടങ്കല്‍ പാളയ”മെന്ന് തൊഴിലാളികള്‍ പേരിട്ടിരിക്കുന്ന കോട്ടണ്‍ മില്ലിലെ ഷെല്‍ട്ടറിലാണ്. ഇതിനെതിരെ ഭരണകക്ഷിയില്‍പ്പെട്ട സിപിഐയുടെ തൊഴിലാളി സംഘടനയായ എഐടിയുസിക്ക് തന്നെ രംഗത്തിറങ്ങേണ്ടിവന്നിരിക്കുകയാണ്.
തിരുവണ്ണൂര്‍ കോട്ടണ്‍മില്ലിലെ നിയമവിരുദ്ധവും മനുഷ്യത്വരഹിതവുമായ നടപടികളെക്കുറിച്ച് അടിയന്തരമായി അന്വേഷണം നടത്തി ബന്ധപ്പെട്ടവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് എഐടിയുസി ജില്ലാ കൗണ്‍സില്‍ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് ഫാക്ടറീസ് ആന്‍ഡ് ബോയ്‌ലേഴ്‌സ് ജോയിന്റ് ഡയറക്ടര്‍, സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍, സംസ്ഥാന വനിതാ കമ്മീഷന്‍ എന്നിവര്‍ക്ക് എഐടിയുസി പരാതി നല്‍കിയിട്ടുണ്ട്.
















