കോട്ടയം: അനാഥാലയത്തിലെ അന്തേവാസികളായ പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയില്‍ നടത്തിപ്പുകാരനെതിരെ പോലീസ് കേസെടുത്തു. പാമ്പാടിയില്‍ ആശ്വാസഭവനെന്ന പേരില്‍ അനാഥാലയം നടത്തുന്ന ജോസഫ് മാത്യു (60)വിനെതിരെയാണ് പാമ്പാടി പോലീസ് കേസെടുത്തത്. ജില്ലാ പോലീസ് ചീഫ് എന്‍. രാമചന്ദ്രന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നടപടി. പോലീസ് നടപടിയെ തുടര്‍ന്ന് ജോസഫ് മാത്യു ഒളിവില്‍ പോയി. ഇയാള്‍ക്കായി സംസ്ഥാനത്തിനകത്തും പുറത്തും അന്വേഷണം നടത്തിവരുന്നതായി പോലീസ് പറഞ്ഞു.
അനാഥാലയത്തിലെ ഇടുക്കി സ്വദേശിനിയായ 11 വയസുള്ള പെണ്‍കുട്ടിയുടെ പരാതിയിലാണ് പോക്‌സോ നിയമപ്രകാരം പോലീസ് കേസെടുത്തത്. കോണ്‍ഗ്രസിലെയും സിപിഎമ്മിലെയും ഉന്നതനേതാക്കളുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ജോസഫ് മാത്യുവിനെതിരെ ആദ്യം പരാതി ലഭിച്ചപ്പോള്‍ പോലീസ് ഒതുക്കാന്‍ നോക്കിയിരുന്നു. എന്നാല്‍ വനിതാ സെല്ലും ചൈല്‍ഡ്‌ലൈന്‍ അധികൃതരും പീഡനം സംബന്ധിച്ച വിവരങ്ങള്‍ ശേഖരിച്ചതോടെ കേസെടുക്കാന്‍ പോലീസ് നിര്‍ബന്ധിതമായി. മുമ്പും ഇയാള്‍ക്കെതിരെ ഇത്തരം പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. അപ്പോഴൊക്കെ പണവും രാഷ്‌ട്രീയ സ്വാധീനം ഉപയോഗപ്പെടുത്തി രക്ഷപ്പെടുകയായിരുന്നു.
ജയിലില്‍ കഴിയുന്ന മാതാപിതാക്കളുടെ മക്കളാണ് ഇവിടെയുള്ള അന്തേവാസികളില്‍ ഭൂരിപക്ഷവും. ഇവരെ സംരക്ഷിക്കാനെന്ന പേരില്‍ ആരംഭിച്ച ആശ്വാസഭവനില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വീടുകളിലെ കുട്ടികളുമുണ്ട്. ഈ അനാഥാലയത്തിന്റെ മറവില്‍ മതപരിവര്‍ത്തനം നടക്കുന്നതായുള്ള ആക്ഷേപം നേരത്തെ മുതലുണ്ട്. വിദേശികള്‍ ഉള്‍പ്പെടെയുള്ളവരെ പങ്കെടുപ്പിച്ചുള്ള സുവിശേഷയോഗങ്ങളും ഇവിടെ പതിവാണ്. ഭരണ, പ്രതിപക്ഷത്തെ പ്രമുഖരായ നേതാക്കളെ കൊണ്ടുവന്നായിരുന്നു അനാഥാലയത്തിന്റെ പല പരിപാടികളും ഉദ്ഘാടനം നടത്തിയിരുന്നത്. പോലീസ് അന്വേഷണത്തെ തുടര്‍ന്ന് പ്രതി തമിഴ്‌നാട്ടിലേക്ക് കടന്നതായിട്ടാണ് സൂചന. തേനിയിലും ഇതുപോലൊരു സ്ഥാപനം നടത്തുന്നുണ്ട്. പാമ്പാടിയില്‍ സ്ഥാപനത്തിന്റെ പേരില്‍ പബ്ലിക്ക് സ്‌കൂളുമുണ്ട്.
പീഡന വിവരം പുറത്തയായതോടെ ചൈല്‍ഡ് ലൈന്‍ അധികൃതര്‍ പരാതി നല്‍കിയ പെണ്‍കുട്ടിയുടെ വീട്ടിലെത്തി വിവരങ്ങള്‍ ശേഖരിച്ചു. ഒന്നിലേറെ പെണ്‍കുട്ടികള്‍ പീഡനത്തിന് ഇരയായിട്ടുണ്ടെന്നാണ് ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകര്‍ക്ക് ലഭിച്ച വിവരം. ഇതിനെത്തുടര്‍ന്ന് മുഴുവന്‍ കുട്ടികളില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കാനും അവര്‍ക്കാവശ്യമായ കൗണ്‍സലിങ് നല്‍കാനും പോലീസ് തീരുമാനിച്ചിട്ടുണ്ട്.
















