മട്ടാഞ്ചേരി: കൊച്ചി തുറമുഖ ട്രസ്റ്റ് ആശുപത്രിയെ കേന്ദ്രസര്‍ക്കാര്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയാക്കുന്നു. രാജ്യത്തെ പ്രധാന തുറമുഖങ്ങളിലെ ആശുപത്രികളെ അത്യാധുനിക സവിശേഷതകളോടെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി പഠന സവിശേഷ ശ്രുശൂഷാ കേന്ദ്രമാക്കി ഉയര്‍ത്താനുള്ള നയത്തിന്റെ ഭാഗമായാണ് നടപടി.
ആദ്യഘട്ടമായി അഞ്ച് തുറമുഖ ട്രസ്റ്റ് ആശുപത്രികളെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. കൊച്ചി കൂടാതെ ചെന്നൈ, പാരാദ്വീപ്, വിശാഖപട്ടണം, കല്‍ക്കത്ത തുറമുഖട്രസ്റ്റ് ആശുപത്രികളെയാണ് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് തിരഞ്ഞെടുത്തിരിക്കുന്നത്. ഇവിടങ്ങളില്‍ പോസ്റ്റ് ഗ്രാജുവേറ്റ് പഠനമടക്കം സൗകര്യമേര്‍പ്പെടുത്തും. കൊച്ചി ആശുപത്രിയില്‍ നെഫ്രോളജി (കിഡ്‌നി സംബന്ധം) വിഭാഗമാണ് തുടങ്ങുക. ചെന്നൈ (കാര്‍ഡിയോളജി), കല്‍ക്കത്ത (ന്യൂറോളജി), പാരാദ്വീപ് (ന്യൂറോ സര്‍ജറി), വിശാഖപട്ടണം (ഗ്യാസ്‌ട്രോ എന്‍ട്രോളജി) എന്നിങ്ങനെയാണ് പ്രത്യേകവിഭാഗങ്ങള്‍.
പ്രധാന തുറമുഖങ്ങളിലെ ഭരണകാര്യ-തൊഴിലാളി-അടിസ്ഥാനസൗകര്യ വികസനത്തിനുള്ള കമ്മിറ്റികള്‍ സംയുക്തമായി നടത്തിയ പഠന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. 2016 മെയില്‍ ഡോ. വേദ് പ്രകാശ് മിശ്ര ചെയര്‍മാനായുള്ളതായിരുന്നു കമ്മിറ്റി. 33 വര്‍ഷ കാലാവധിയില്‍ പൊതു-സ്വകാര്യ പങ്കാളിത്ത (പിപിപി) ത്തിലാണ് നടപ്പിലാക്കുക. സഹകരണ സംഘങ്ങള്‍, കോര്‍പ്പറേറ്റുകള്‍, എന്‍ജിഒകള്‍, ചാരിറ്റബിള്‍ ട്രസ്റ്റുകള്‍ എന്നിവയ്‌ക്ക് മുന്‍ഗണന നല്‍കും.
കൊച്ചിയില്‍ തുറമുഖ ട്രസ്റ്റ് ആസ്ഥാന മന്ദിരത്തിന് സമീപമായാണ് ആശുപത്രി പ്രവര്‍ത്തിക്കുക. പതിറ്റാണ്ടിന് മുമ്പ് 5000 ത്തോളം ജീവനക്കാരും അതിലിരട്ടി തൊഴിലാളികളുമായി പ്രവര്‍ത്തിച്ചിരുന്ന കൊച്ചി തുറമുഖ ട്രസ്റ്റ് ആശുപത്രിയിലെ സൗകര്യങ്ങള്‍ മികവുപുലര്‍ത്തുന്നുണ്ട്. 150 കിടക്ക സൗകര്യമുള്ള ആശുപത്രിയില്‍ പ്രധാനപ്പെട്ട വിഭാഗങ്ങളെല്ലാമുണ്ട്. 2008ല്‍ ഐഎസ്ഓ 9001 സര്‍ട്ടിഫിക്കറ്റ് ലഭിച്ച ആശുപത്രിയില്‍ നഴ്‌സിങ് കേളേജുമുണ്ട്.
















