കൊട്ടാരക്കര: റാഗിങ്ങിനെതിരെ പരാതി പറയാന്‍ പോയ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ ക്രൂരമായി മര്‍ദ്ദിച്ചു. അവശനായ ദളിത് വിദ്യാര്‍ഥിയെ കൊട്ടാരക്കര താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെട്ടിക്കവല ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥി സുമേഷിനെയാണ് സീനിയര്‍ വിദ്യാര്‍ഥികള്‍ മര്‍ദ്ദിച്ചത്.
അഞ്ച് സീനിയര്‍ വിദ്യാര്‍ഥികളെ പോലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ഒരാഴ്ചയായി തന്നെ റാഗിങ്ങിന്റെ പേരില്‍ പീഡനമുണ്ടെന്ന് ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ഥി പറഞ്ഞു. അന്തരീക്ഷത്തില്‍ക്കൂടി നടത്തിക്കുക, മീശ വടിപ്പിക്കുക, ഷര്‍ട്ടിന്റെ ബട്ടണ്‍ ഊരിമാറ്റുക എന്നിവയാണ് ആവശ്യം. മര്‍ദ്ദിക്കുന്നതും പതിവ്.
വെള്ളിയാഴ്ച റാഗിങ് അസഹ്യമായപ്പോള്‍ തിങ്കളാഴ്ച പ്രിന്‍സിപ്പാളിനോടു പരാതിപ്പെടുമെന്ന് കൂട്ടുകാരോട് പറഞ്ഞു. ഇതറിഞ്ഞ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ഉച്ചക്ക് 12.30ന് ഉച്ചഭക്ഷണത്തിന് സ്‌കൂള്‍ വിട്ടപ്പോള്‍ സുമേഷിനെ ഗ്രൗണ്ടില്‍ പിടിച്ചുകൊണ്ട് പോയി മര്‍ദ്ദിച്ചു. അവശനായ വിദ്യാര്‍ഥിയെ പിന്നീട് വീട്ടുകാരും നാട്ടുകാരും ചേര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്. അന്വേഷണം നടക്കുന്നതായി എസ്‌ഐ മനോജ് പറഞ്ഞു.
















