കാക്കനാട്: തൃക്കാക്കര നഗരസഭയുടെ പഴങ്ങാട്ടുചാല്‍ ടൂറിസം പദ്ധതി സിപിഎമ്മിലെ പോര് മൂലം അനിശ്ചിതത്വത്തിലായി. സിപിഎമ്മില്‍ ഇരുവിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കം രൂക്ഷമായതാണ്, പദ്ധതി പ്രദേശത്തേക്കുള്ള വഴിക്കായി സ്വകാര്യ ഭൂവുടമയുടെ സ്ഥലം ഏറ്റെടുക്കാനുള്ള തീരുമാനം അനിശ്ചിതത്വത്തിലാക്കിയത്. ഭൂമി ഏറ്റെടുക്കല്‍ നിയമ പ്രകാരം ഭൂവുടമയുടെ 40 സെന്റ് ഏറ്റെടുക്കാന്‍ നഗരസഭ കൗണ്‍സില്‍ ഒരു മാസം മുമ്പ് തീരുമാനിച്ചെങ്കിലും തുടര്‍ നടപടി ഉണ്ടായില്ല.
പദ്ധതി പ്രദേശത്തേക്കുള്ള വഴിക്കായി ഏറ്റെടുക്കുന്ന 40 സെന്റിന്് പകരം പദ്ധതി പ്രദേശത്ത് നിന്നും 120 സെന്റ് വിട്ടു നല്‍കാനായിരുന്നു പാര്‍ട്ടിയിലെ ഒരു വിഭാഗം ചരട് വലിച്ചത്. ഭൂവുടമ വിട്ടുനല്‍കുന്ന ഒരു സെന്റിന് പകരം മൂന്ന് സെന്റ് നല്കി വന്‍ റിയല്‍ എസ്റ്റേറ്റ് സാധ്യതയാണ് പാര്‍ട്ടിയിലെ ഒരു വിഭാഗം ലക്ഷ്യം വെച്ചത്. എന്നാല്‍ ഭൂവുടമയുമായി ഒത്തുകളിച്ച് നഗരസഭയുടെ പദ്ധതി പ്രദേശത്തെ സ്ഥലം നഷ്ടപ്പെടുത്തുന്നതിനെതിരെ പാര്‍ട്ടിയിലെ റിയല്‍ എസ്റ്റേറ്റ് ലോബി രംഗത്തെത്തിയതോടെ പദ്ധതി വിവാദത്തിലായി.
തര്‍ക്കത്തെ തുടര്‍ന്ന് പഴങ്ങാട്ടുചാല്‍ ടൂറിസം പദ്ധതി നഗരസഭ കൗണ്‍സില്‍ അജന്‍ഡയില്‍ ഉള്‍പ്പെടുത്തരുതെന്ന് പാര്‍ട്ടി നേതൃത്വം കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു.
പദ്ധതി പ്രദേശത്തേയ്ക്ക് വഴിക്കാവശ്യമായ സ്ഥലം ലാന്‍ഡ് അക്വിസേഷന്‍ നിയമ പ്രകാരം സ്ഥലം ഏറ്റെടുക്കാനും നഗരസഭ കൗണ്‍സില്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ സ്ഥലം ഏറ്റെടുക്കാന്‍ തുടര്‍ നടപടി സ്വീകരിക്കാതെ തീരുമാനം അട്ടിമറിക്കാനാണ് സിപിഎമ്മില്‍ ഒരു വിഭാഗം ശ്രമിക്കുന്നതെന്ന് ആരോപണം ഉയര്‍ന്നു. സ്ഥലം ഏറ്റെടുക്കല്‍ നിയമ പ്രകാരം ഭൂമി ഏറ്റെടുക്കാനുള്ള കൗണ്‍സില്‍ തീരുമാനത്തിനെതിരെ ഭൂവുടമ കോടതിയെ സമീപ്പിച്ചാല്‍ ടൂറിസം പദ്ധതി അനിശ്ചിതത്വത്തിലാകുമെന്നും ചൂണ്ടിക്കാട്ടുന്നു.
പദ്ധതിയുടെ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ക്കുള്ള ആദ്യ ഗഡുവായി ഒരു കോടി രൂപ അനുവദിച്ചിരുന്നു. പദ്ധതി പ്രദേശത്തേക്കുള്ള റോഡ് വികസനത്തിന് വിനിയോഗിക്കാനായിരുന്നു തുക. റോഡിനാവശ്യമായ സ്ഥലം ലാന്‍ഡ് അക്വിസേഷന്‍ നടപടിയിലൂടെ ഏറ്റെടുക്കണം. ആറാം വാര്‍ഡിലെ നവോദയ ജംഗ്ഷന്് സമീപം കടമ്പ്രയാറിനോട് ചേര്‍ന്നുള്ള റവന്യു പുറമ്പോക്കിലെ 8.93 ഏക്കര്‍ ചതുപ്പ് സ്ഥലമാണ് ടൂറിസം പദ്ധതിക്ക് കണ്ടെത്തിയിരിക്കുന്നത്. എന്നാല്‍ പ്രദേശത്തേക്ക് റോഡില്ലാത്തത് പദ്ധതി നടപ്പിലാക്കാന്‍ തടസ്സമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: