കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ നാദിര്‍ഷയെ ഇന്നോ നാളെയോ അറസ്റ്റ് ചെയ്യുമെന്ന് സൂചന. കേസില്‍ ഇപ്പോള്‍ ജയിലില്‍ കഴിയുന്ന ദിലീപിനൊപ്പം നേരത്തേ നാദിര്‍ഷയെ ആലുവ പോലീസ് ക്ലബ്ബില്‍ 13 മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു. ദിലീപിന്റെ ജാമ്യ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനക്ക് എത്തും മുമ്പ് അറസ്റ്റ് ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. നാദിര്‍ഷയുടെ അറസ്റ്റ് ഒഴിവാക്കാന്‍ അന്വേഷണ സംഘത്തിന് മേല്‍ കടുത്ത സമ്മര്‍ദ്ദം ഉണ്ട്.
ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയേയും അഡ്വ. പ്രതീഷ് ചാക്കോയേയും ഉടന്‍ അറസ്റ്റ് ചെയ്യും. അപ്പുണ്ണി ഒളിവിലാണ്. ഇയാളെ കണ്ടെത്താന്‍ പോലീസ് ഊര്‍ജ്ജിതനീക്കം തുടങ്ങി. അപ്പുണ്ണിയുടെ അറസ്റ്റിന് ശേഷം കാവ്യ മാധവനെയും അമ്മ ശ്യാമളയെയും വീണ്ടും ചോദ്യം ചെയ്യാന്‍ വിളിക്കും. നേരത്തെ ഇവരില്‍ നിന്നും പോലീസ് വിവരങ്ങള്‍ ശേഖരിച്ചിരുന്നു. എന്നാല്‍ ഇനി വിളിച്ച് വരുത്തിയാകും ചോദ്യം ചെയ്യല്‍. ദിലീപിന്റെ സഹോദരന് അനൂപിനെയും സിനിമാ മേഖലയിലെ മറ്റ് ചിലരെയും ചോദ്യം ചെയ്തേക്കും. പ്രതീഷ് ചാക്കോയുടെ ജൂനിയറായ രാജു ജോസഫിനെ ഇന്നലെ പോലീസ് കസ്റ്റഡിയിലെടുത്തു.
അതേസമയം ദിലീപിന്റെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിക്കും. അങ്കമാലി മജിസ്ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണിത്. ദിലീപിന്റെ സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കാന്‍ എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍ ചൊവ്വാഴ്ച കൊച്ചിയില്‍ എത്തും. അന്വേഷണ സംഘവുമായി കൂടിക്കാഴ്ച നടത്തുന്ന ഇവര്‍ ദിലീപിന്റെ റിയല്‍ എസ്സ്റ്റേറ്റ് ഇടപാടുകളെക്കുറിച്ചും, ബിനാമി ഏര്‍പ്പാടുകളെക്കുറിച്ചും അന്വേഷിക്കും. ദിലീപിന് 500 കോടിരൂപയുടെ ആസ്തിയുണ്ടെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പുതിയ നിര്‍മ്മാതാക്കളില്‍ പലരും ബിനാമികളാണ്. ഇവര്‍ക്ക് സിനിമ എടുക്കുന്നതിന് പണം നല്കി ദിലീപ് വന്‍ തുക കമ്മീഷന് പറ്റിയിരുന്നതായും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു.
















