ചവറ: കാറില്‍ സിമന്റ് കയറ്റിവന്ന ലോറി ഇടിച്ചുകയറി കാര്‍ ഡ്രൈവര്‍ ഉള്‍പ്പെടെ മൂന്നുപേര്‍ മരിച്ചു. ദേശീയപാതയില്‍ ചവറ ഇടപ്പള്ളിക്കോട്ടയില്‍ ഇന്നലെ വൈകിട്ട് 3.30 നാണ് സംഭവം.
സ്ത്രീകള്‍ അടക്കം കാര്‍ യാത്രക്കാരായ മൂന്നുപേര്‍ക്ക് ഗുരുതര പരിക്കേറ്റു. കാര്‍ ഓടിച്ചിരുന്ന ചങ്ങനാശേരി ശാന്തിപുരം കാട്ടുവെളിയില് വീട്ടില്‍ അനില്‍കുമാര്‍ (51), നെടുങ്ങാടപ്പള്ളി നൂറാമാക്കല് അരവിന്ദാക്ഷന് (68), ശാന്തിപുരം നൂറാമാക്കല് സരള (60) എന്നിവരാണ് മരിച്ചത്.
അരവിന്ദാക്ഷന്റെ അമ്മയുടെ ചിതാഭസ്മം പാപനാശത്ത് ഒഴുക്കിയ ശേഷം ശിവഗിരിയും സന്ദര്‍ശിച്ച് മടങ്ങുകയായിരുന്നു ഇവര്‍. പതിനഞ്ച് ദിവസം മുമ്പാണ് അരവിന്ദാക്ഷന്റെ അമ്മ അന്തരിച്ചത്.
ഇവരുടെ ബന്ധുക്കളായ ലളിത, വത്സല, രജനി എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ മൂന്നുപേരേയും ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
21 പേര് അടങ്ങുന്ന സംഘം മൂന്ന് വാഹനങ്ങളിലായാണ് ശിവഗിരിയിലേക്ക് പോയത്. ഇന്നലെ തിരിച്ച് ചങ്ങനാശേരിയിലേക്ക് മടങ്ങുംവഴിയാണ് കാര്‍ അപകടത്തില്‍പെട്ടത്. മറ്റൊരുവാഹനത്തെ മറികടക്കുന്നതിനിടെ അമിത വേഗതയില്‍ എത്തിയ ലോറി കാറില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ നിശേഷം തകര്‍ന്ന കാറില്‍ കുടുങ്ങിയവരെ പോലീസും ഫയര്‍ഫോഴ്സും ചേര്‍ന്ന് വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്.
അനില്‍കുമാറിനെ പോലീസ് വാഹനത്തില്‍ കരുനാഗപ്പള്ളിയിലെ സ്വകാര്യആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. അരവിന്ദാക്ഷന് ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് മരിച്ചത്. പരിക്കേറ്റവരുടെ നില അതീവഗുരുതരമെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചത്. രജിനിയാണ് അനില്‍കുമാറിന്റെ ഭാര്യ. മക്കള്‍: അശ്വ, അശ്വിന്, അതുല്യ. ലളിതയാണ് അരവിന്ദാക്ഷന്റെ ഭാര്യ. മകള്‍: സിന്ധു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: