തൃശൂര്‍: റോഡുകള്‍ മരണക്കെണികളാകുന്നോ? മഴക്കാലമായതോടെ തകര്‍ന്ന റോഡുകള്‍ ഇതിനകം ഒട്ടേറെ ജീവനെടുത്തുകഴിഞ്ഞു. സമയത്ത് അറ്റകുറ്റപ്പണി നടത്താത്തതും നിര്‍മാണത്തിലെ അഴിമതിയുമാണ് നമ്മുടെ റോഡുകളുടെ ശാപം. മഴക്കാലം കനത്തതോടെ ജില്ലയിലെ ഒട്ടുമിക്ക റോഡുകളും നരകപാതകളായി മാറിയിരിക്കുന്നു. പൊട്ടിപ്പൊളിഞ്ഞ് കുണ്ടുംകുഴിയുമായികിടക്കുന്ന റോഡുകളില്‍ വെള്ളം നിറയുന്നതോടെ ചതിക്കുഴികള്‍ തിരിച്ചറിയാനാകാതെ വരും. കാല്‍നടയാത്രികരും ഇരുചക്രവാഹനയാത്രികരുമാണ് അപകടത്തില്‍ പെടുന്നവരില്‍ ഏറെയും.
രാത്രിയില്‍ വലിയ കുഴിയില്‍പ്പെട്ട് റോഡില്‍ തലയടിച്ചുവീണ് ബൈക്ക്യാത്രികന് മരിച്ച സംഭവം വരെയുണ്ടായിട്ടും അധികൃതര്‍ക്ക് കുലുക്കമില്ല. വര്‍ഷങ്ങളായി പറഞ്ഞുപഴകിയ പല്ലവികളാണ് ഇതെല്ലാം. എങ്കിലും ഒരിക്കല്‍ക്കൂടി ജില്ലയിലെ പ്രധാന റോഡുകളുടെ ശോചനീയാവസ്ഥയെക്കുറിച്ച് പരിശോധിക്കുന്നു.
തൃശൂരിലെ ഏറ്റവും തിരക്കേറിയ റോഡാണ് എം.ജി.റോഡ്. ഭരണസിരാകേന്ദ്രമായ അയ്യന്തോള്‍ കളക്ട്രേറ്റിനേയും നഗരത്തേയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഈ റോഡ് യാത്രക്കാരുടെ പേടിസ്വപ്നമാണ്. പടിഞ്ഞാറെകോട്ടമുതല് അയ്യന്തോള്‍ വരെയുള്ള ഭാഗത്ത് ഒട്ടേറെ കുഴികള്‍ രൂക്ഷമായ ഗതാഗതക്കുരുക്ക്. ഇതിനിടയില്‍ പതിവാകുന്ന അപകടങ്ങള്‍.
നഗരത്തിലെ പ്രധാന ജംഗ്ഷനുകളിലൊന്നായ കിഴക്കെ കോട്ടയിലും സ്ഥിതി വ്യത്യസ്തമല്ല.
പാട്ടുരായ്ക്കല്‍, അശ്വനിജംഗ്ഷന് എന്നിവിടങ്ങളിലും തകര്‍ന്ന റോഡുകള്‍ ജീവന് ഭീഷണി ഉയര്‍ത്തുന്നു. അശ്വനി ജംഗ്ഷന് മുതല്‍ പെരിങ്ങാവ് വരെയുള്ള റോഡില്‍ നിറയെ കുഴികളാണ്. ചീറിപ്പാഞ്ഞുവരുന്ന ബൈക്കുകള്‍ ഏത് സമയത്തും അപകടത്തില്‍പ്പെടാം.
മഴക്കാലം മുന്‍കൂട്ടിക്കണ്ട് റോഡുകളുടെ അറ്റക്കുറ്റപ്പണി പൂര്‍ത്തിയാക്കണമെന്ന് നേരത്തെതന്നെ ആവശ്യമുയര്‍ന്നെങ്കിലും കോര്‍പ്പറേഷനും പിഡബ്ല്യുഡിയും കേട്ടഭാവം നടിച്ചില്ല. ഇനി എന്ന് ശരിയാകും ഈ തകര്‍ന്ന നരകപാതകള് എന്ന ആശങ്കയിലാണ് പൊതുജനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: