കോട്ടയം: പഴമയുടെയും കാര്‍ഷികസമൃദ്ധിയുടെയും ഓര്മ പുതുക്കി സംക്രാന്തി വാണിഭത്തിനു തുടക്കമായി. ഇന്നലെ വൈകിട്ട് സംക്രമ ദീപം തെളിയിക്കലിനു ശേഷം സാംസ്കാരിക സമ്മേളനം തിരുവഞ്ചൂര്‍ രാധകൃഷണന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍പേഴ്സണ്‍ ഡോ. പി.ആര്. സോന അധ്യക്ഷത വഹിച്ചു. ഏറ്റുമാനൂര്‍ എംഎല്‍എ സുരേഷ്കുറുപ്പ് മുഖ്യപ്രഭാഷണം നടത്തി. ഇന്ന് വൈകിട്ട് വാണിഭം സമാപിക്കും. ഇന്നലെ രാവിലെ മുതല്‍ വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള കച്ചവടക്കാര്‍ തങ്ങളുടെ ഉല്പന്നങ്ങളുമായി ഇവിടെ എത്തി. കൊട്ട, വട്ടക്കൊട്ട, മീന്‍കൂട, വാലന്‍കൊട്ട, തഴപ്പായ, പ്ലാസ്റ്റിക്ക് പായ തുടങ്ങി വിവിധങ്ങളായ ഉപകരങ്ങളുമായി കച്ചവടക്കാര്‍ രാവിലെ തന്നെ സംക്രാന്തിയില്‍ സ്ഥലം പിടിച്ചു.
കാര്‍ഷിക ഉപകരണങ്ങളായ തൂമ്പാ, അരിവാള്‍ തുടങ്ങിയവയും ഗൃഹോപകരണങ്ങളായ പാത്രങ്ങള്‍, അലങ്കാരപാത്രങ്ങള്‍, ദോശക്കല്ല്, പാലപ്പച്ചട്ടി, ചട്ടുകം, മണ്ക്കോപ്പ, മണ്‍ച്ചട്ടി, പൂച്ചട്ടി, തവി തുടങ്ങിയവയുമായി കച്ചവടക്കാര്‍ ഇവിടെയുണ്ട്. പച്ചക്കറിതൈകളും ഔഷധച്ചെടികളും വിവിധ വിത്തിനങ്ങളും പലഹാരങ്ങളും കച്ചവടത്തിനുണ്ട്. വിശ്വാസത്തിനു പുറമേ കാര്‍ഷിക സമൃദ്ധിയുടെ ഭാഗം കൂടിയാണ് സംക്രാന്തി വാണിഭം. കോട്ടയം നഗരസഭയുടെ നേതൃത്വത്തിലാണ് സംക്രാന്തി വാണിഭം നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: