കൊല്‍ക്കത്ത: ഇന്ത്യയില്‍ 5000 രൂപ, ബംഗ്ലാദേശില്‍ 50,000 രൂപ. അതിര്‍ത്തി കടത്തിയുള്ള നിയമവിരുദ്ധ കന്നുകാലിക്കച്ചവടത്തിന് എന്തും ചെയ്യാന്‍ തയാറായി ചെറുപ്പക്കാര്‍ നില്ക്കുന്നതിനു പിന്നില്‍ ഈ കണക്കിന്റെ പ്രചോദനം തന്നെയാണ്.
ഇന്ത്യക്കും ബംഗ്ലാദേശിനുമിടയിലുള്ള നിയമവിരുദ്ധ കന്നുകാലിക്കടത്തിലൂടെ വര്‍ഷം 5,000 കോടിയുടെ ഇടപാടു നടക്കുന്നു എന്നാണ് കരുതുന്നത്. ഇന്ത്യയില്‍ കന്നുകാലിക്കച്ചവടത്തിനുള്ള വിലക്കുകള്‍ ബംഗ്ലാദേശില്‍ ഇല്ല. അവിടെ ഇതു നിയമപരമാണ്.
ഇന്ത്യയ്ക്കും ബംഗ്ലാദേശിനുമിടയിലുള്ള 4096 കിലോമീറ്റര്‍ അതിര്‍ത്തിയില്‍ ബംഗാള്‍, ആസാം, മേഘാലയ സംസ്ഥാനങ്ങള്‍ വഴിയാണ് കന്നുകാലിക്കടത്ത് വ്യാപകം. ആസാമിലെ വടക്കുകിഴക്കന്‍ ജില്ലയായ മാരിഗാവിലെ ബുരാബുരി, ആസാമും മേഘാലയയും പൊതുവായി ബംഗ്ലാദേശിന്റെ അതിര്‍ത്തി പങ്കിടുന്ന മങ്കാച്ചാര്‍ എന്നീ ഗ്രാമങ്ങളാണ് കടത്തിന്റെ കേന്ദ്രങ്ങള്‍. അതിര്‍ത്തിയില്‍ പട്രോളിങ് നടത്തുന്ന ബിഎസ്എഫ് സൈനികരുടെ കണ്ണുവെട്ടിച്ച് കന്നുകാലികളെ കടത്താന്‍ വിവിധ മാര്‍ഗങ്ങളാണ് ഇതിനായി സ്വീകരിക്കുന്നത്.
അതിര്‍ത്തിയിലെ നദിയിലൂടെ കന്നുകാലികളെ നടത്തിച്ച് ബംഗ്ലാദേശിലേക്ക് എത്തിക്കുക, വാഴപ്പിണ്ടിച്ചങ്ങാടമുണ്ടാക്കി ഇതില്‍ പശുക്കളെ കെട്ടിവെച്ച് ഒഴുക്കിവിടുക, അതിര്‍ത്തി തിരിക്കുന്ന വേലിയുടെ മുകളില്‍ മുളകൊണ്ടുണ്ടാക്കിയ പലക വെച്ച് അതിനു മുകളിലൂടെ കന്നുകാലികളെ അപ്പുറത്തേക്ക് നിരക്കിയിറക്കുക തുടങ്ങിയവയാണ് അതില്‍ പ്രധാനം.
20 വര്‍ഷം മുമ്പ് വളരെ ക്രൂരമായിരുന്നു കടത്തിനുള്ള മാര്‍ഗങ്ങള്‍. 2000നു മുമ്പു വരെ അതിര്‍ത്തിയില്‍ ഒറ്റനിര കമ്പിവേലി മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതില്‍ വിടവുണ്ടാക്കും.
പശുവിനെ ഇപ്പുറത്ത് നിര്‍ത്തിയിട്ട് നന്നായി വേദനിക്കുന്ന തരത്തില്‍ അടിക്കും. വേദനയില്‍ പുളഞ്ഞ് പശു അതിര്‍ത്തി കടന്ന് ഓടും. പശുവിന്റെ ജനനേന്ദ്രിയത്തില്‍ മുളകു തേച്ച് ഓടിക്കുന്ന രീതിയുമുണ്ടായിരുന്നു. നാല്‍പ്പതോ അമ്പതോ പശുക്കളെ ഒന്നിച്ചു നിര്‍ത്തിയിട്ടാണ് ഇത്തരത്തില്‍ ചെയ്തുകൊണ്ടിരുന്നത്.
2000ല്‍ കമ്പിവേലി ഇരുനിരയാക്കിയപ്പോഴാണ് പുതിയ മാര്‍ഗങ്ങള്‍ തേടേണ്ടി വന്നത്. പശുക്കടത്തിന്റെ പണം ഹവാല ഇടപാടിലൂടെയാണ് ഇന്ത്യയിലേക്ക് എത്തുന്നത്. ആസാമിലൂടെയുള്ള കടത്തിനു നേതൃത്വം നല്‍കിയിരുന്ന അഷറഫുള്‍ അങ്കാദ് അടുത്തിടെ ബംഗാളില്‍ വെച്ച് അറസ്റ്റിലായപ്പോഴാണ് ഇതെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നത്. കന്നുകാലിക്കച്ചവടത്തിന് കേന്ദ്ര സര്‍ക്കാര്‍ കൂടുതല്‍ നിയന്ത്രണമേര്‍പ്പെടുത്തിയ സാഹചര്യത്തില്‍ അതിര്‍ത്തിയില്‍ നിരീക്ഷണം ശക്തമാക്കുമെന്ന് ബിഎസ്എഫ് ഉദ്യോഗസ്ഥര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: