രാമപുരം: രാമായണ മാസത്തെ വരവേല്‍ക്കാന്‍ നാലമ്പലങ്ങള്‍ ഒരുങ്ങി. ദേശീയപാതയില്‍ മലപ്പുറത്തിനും പെരിന്തല്മണ്ണയ്ക്കും ഇടയിലായാണ് നാലമ്പലഗ്രാമം. ഒരേ പൂജാവേളയില്‍ നാലുക്ഷേത്രത്തിലും ദര്‍ശനം നടത്താമെന്നതാണ് പ്രത്യേകത. രാമക്ഷേത്രത്തിന് അഭിമുഖമായി ഒരു കിലോമീറ്റര്‍ ചുറ്റളവിലാണ് ലക്ഷ്മണ-ഭരത-ശത്രുഘ്ന ക്ഷേത്രങ്ങള്‍ സ്ഥിതി ചെയ്യുന്നത്. ശ്രീരാമ ക്ഷേത്രത്തില്‍ അമ്പും വില്ലും ചാര്‍ത്തലും പാല്‍പ്പായസവും ഹനുമാന് ഗദ സമര്‍പ്പണവും അവില് നിവേദ്യവും വടമാലയുമാണ് പ്രധാന വഴിപാടുകള്‍. എല്ലാ മലയാള മാസം ആദ്യത്തെ ഞായറാഴ്ചയും തന്ത്രി തരണനല്ലൂര്‍ പത്മനാഭന് നമ്പൂതിരിപ്പാടിന്റെ കാര്‍മ്മികത്വത്തില്‍ പട്ടാഭിഷേക പൂജയും നടത്തുന്നുണ്ട്. കുംഭമാസത്തില്‍ എട്ടുദിവസം നീളുന്ന ഏകാദശി വിളക്കുത്സവമാണ് പ്രധാന ആഘോഷം.
ശ്രീരാമ ക്ഷേത്രത്തില്‍ നിന്ന് കിഴക്കുമാറി പെരിന്തല്‍മണ്ണ റോഡില്‍ 38ലാണ് നവഗ്രഹ പ്രതിഷ്ഠയോട് കൂടിയ അയോദ്ധ്യാ ലക്ഷ്മണ ക്ഷേത്രം. ധനു മാസത്തിലെ സ്വര്‍ഗവാതില്‍ ഏകാദശിയും മിഥുനത്തിലെ പുണര്‍തം നാളിലെ പ്രതിഷ്ഠാദിന ആഘോഷവുമാണ് പ്രധാന ചടങ്ങുകള്‍. ശ്രീരാമ ക്ഷേത്രത്തില്‍ നിന്ന് പടിഞ്ഞാറുമാറി കരിഞ്ചാപ്പാടിയിലാണ് ചിറയ്ക്കാട് ഭരത ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പാദുക സമര്‍പ്പണമാണ് പ്രധാന വഴിപാട്. നാറാണത്തുഭ്രാന്തന് പ്രതിഷ്ഠിച്ചതായി കരുതപ്പെടുന്ന ശത്രുഘ്ന ക്ഷേത്രം മലപ്പുറം റോഡില്‍ നാറാണത്ത് സ്ഥിതി ചെയ്യുന്നു. സുദര്‍ശനചക്ര സമര്‍പ്പണവും മീനൂട്ടുമാണ് പ്രധാന വഴിപാട്.
കര്‍ക്കടക മാസത്തില്‍ ഭക്തരുടെ തിരക്ക് കണക്കിലെടുത്ത് ദര്‍ശന സമയം കൂട്ടുകയും വഴിപാടുകള്‍ക്ക് പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തുകയും ചെയ്തതായി ക്ഷേത്രം ഭാരവാഹികള്‍ അറിയിച്ചു. പനങ്ങാങ്ങര ശിവക്ഷേത്രം, വളളിയംപുറം ശിവക്ഷേത്രം, വളപുരം നരസിംഹ ക്ഷേത്രം എന്നീ അമ്പലങ്ങളും നാലമ്പല ഗ്രാമത്തെ ധന്യമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: