ആലത്തൂര്‍: കാവശ്ശേരി പഞ്ചായത്തിലെ വക്കീല്‍പ്പടി ബസ് സ്റ്റോപ്പിനു സമീപം സ്വകാര്യ മില്ലിന്റെ സ്ഥലത്ത് പ്രവര്‍ത്തിക്കുന്ന എം സാന്റ് യൂണിറ്റ് ഭീഷണിയാവുന്നതായി പരാതി.
ജനവാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന എം സാന്‍ഡ് വില്‍പ്പന കേന്ദ്രത്തില്‍ നിന്നുള്ള പൊടിമൂലം ജനങ്ങള്‍ ബുദ്ധിമുട്ടിലായിരിക്കുകയാണ്. യൂണിറ്റിന്റെ പ്രവര്‍ത്തനം തുടങ്ങി കുറച്ചു ദിവസങ്ങള്‍ക്കകംതന്നെ വ്യാപക ആരോഗ്യ പ്രശ്നങ്ങളാണ് ഉണ്ടാക്കിയിരിക്കുന്നത്.
പലര്‍ക്കും ചൊറിച്ചിലും തുമ്മലും അനുഭവപ്പെട്ട് ചികിത്സതേടി. ആസ്മ, ശ്വാസംമുട്ടല്‍,അലര്‍ജി തുടങ്ങിയ രോഗങ്ങള്‍ പടരാന്‍ സാധ്യതയുണ്ടെന്ന ആശങ്കയിലാണ് ജനങ്ങള്‍.കാവശ്ശേരി പഞ്ചായത്തിലെ എട്ടാം വാര്‍ഡിലാണ് അനുമതിയില്ലാതെ മണല്‍, മെറ്റല്‍ വില്‍പ്പനകേന്ദ്രം പ്രവര്‍ത്തിക്കുന്നത്. േതാണിപ്പാടം മാട്ടുമലയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ ക്വാറിയുടേതാണ് യൂണിറ്റ്. വിവിധ ക്വാറികളില്‍ നിന്നുള്ള എംസാന്‍ഡ്, മെറ്റല്‍ എന്നിവ ഇവിടെ സൂക്ഷിച്ച് പിന്നീട് മറ്റ് സ്ഥലങ്ങളിലേക്ക് കൊണ്ടു പോകുകയാണ് പതിവ്.
പത്തനാപുരംപാലം അപകടാവസ്ഥയിലായതിനാല്‍ ഇതിലൂടെ ടോറസ് ലോറികള്‍ സഞ്ചരിക്കുന്നത് നാട്ടുകാര്‍ തടഞ്ഞിരുന്നു. ഇതേ തുടര്‍ന്നാണ് മാട്ടുമലയിലെ ക്വാറിയില്‍ നിന്ന് ചെറിയ ലോറികളില്‍ ദിവസേന നൂറുകണക്കിന് ലോഡ് എം സാന്‍ഡ് കൊണ്ടുവരുന്നത്. വക്കീല്പ്പടിയിലെത്തിക്കുന്ന എം സാന്‍ഡ് ജെസിബി ഉപയോഗിച്ച് വലിയ ലോറികളില്‍ കയറ്റി കൊണ്ടു പോകും.
എം സാന്‍ഡ് കടത്തുന്നതിന് ദിവസേന നൂറ് കണക്കിന് ലോറികള്‍ എത്തുന്നത് ആലത്തൂര്‍ വാഴക്കോട് സംസ്ഥാന പാതയിലെ വക്കീല്‍പ്പടി മുതല്‍ ചുണ്ടക്കാട് വരെയുള്ള ഭാഗം തകരാന്‍ കാരണമാകുമെന്നും നാട്ടുകാര്‍ പറയുന്നു. കൂടാതെ കാവശ്ശേരി പഞ്ചായത്തിലെ പ്രധാന കുടിവെള്ള പദ്ധതിയായ വലിയ പറമ്പ് പദ്ധതിയുടെ വെള്ള ടാങ്ക് വക്കീല്പ്പടിയിലാണുള്ളത്. ഇതിലെ വെള്ളത്തിലും സമീപ വീടുകളിലെ കിണറുകളിലും എം സാന്‍ഡ് മാലിന്യം പറന്നെത്തുന്നത് കുടിവെള്ള വിതരണത്തെ ബാധിക്കുന്നതായും പറയുന്നു.
കാവശ്ശേരി പഞ്ചായത്തിലെ കുടിവെള്ള ക്ഷാമം രൂക്ഷമായ സ്ഥലമാണ് വക്കീല്പ്പടിയുള്പ്പെടുന്ന ചുണ്ടക്കാട്, മൂപ്പ്പറമ്പ് വാര്‍ഡുകള്‍. രാപ്പകല്‍ ഇല്ലാതെ ഇവിടേക്ക് നിരന്തരം വാഹനങ്ങള്‍ വരുന്ന ശബ്ദം കാരണം സമീപത്തെ വീടുകളിലെ കുട്ടികള്‍ക്ക് പഠിക്കാന്‍ പോലും കഴിയാത്ത സ്ഥിതിയാണ്.
കുടിവെള്ള സ്രോതസുകളടക്കം മലിനമാക്കുമ്പോള്‍ വിഷയത്തില്‍ അടിയന്തിരമായി ഇടപെടണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ ജില്ലാകലക്ടര്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡ്,തഹസില്‍ദാര്‍, ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളില്‍ പരാതി നല്കാന് ഒരുങ്ങുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: