പാലക്കാട്: കുപ്രസിദ്ധ ഗുണ്ടയും എട്ടോളം ക്രിമിനല്‍ കേസുകളിലെ പ്രതിയുമായ മൂത്താന്തറ വിഷ്ണു പ്രസാദ് എന്ന കാക്ക വിഷ്ണു (27)നെ ഗുണ്ടാ നിയമപ്രകാരം ടൗണ്‍ നോര്‍ത്ത് പോലീസ് അറസ്റ്റു ചെയ്തു.
ടൗണ്‍ നോര്‍ത്ത്, സൗത്ത് പോലീസ് സ്റ്റേഷനുകളിലായി അടിപിടി, വധശ്രമം, തീവെപ്പ് തുടങ്ങിയ എട്ടോളം ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് വിഷ്ണു. ടൗണ്‍ ബസ് സ്റ്റാന്റിനു മുന്‍വശത്തുള്ള സരള സില്‍ക്സ് തീവെച്ച കേസില്‍ ജാമ്യത്തിലിറങ്ങി ഒളിവില്‍ കഴിഞ്ഞു വരികയായിരുന്നു.
ഇയാളെ മൂന്നാമത്തെ തവണയാണ് കാപ്പാ നിയമപ്രകാരം അറസ്റ്റു ചെയ്യുന്നത്.നഗരത്തിലെ സ്ഥിരം ശല്യക്കാരായ ഗുണ്ടാസംഘത്തിലെ അംഗമാണ് വിഷ്ണു. ജില്ലാ കലക്ടറിന്റെ ഉത്തരവു പ്രകാരം പ്രതിയെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി.
ടൗണ്‍ നോര്‍ത്ത് എസ്ഐ ആര്. രഞ്ജിത്, ക്രൈം സ്ക്വാഡ് അംഗങ്ങളായ ആര്.വിനീഷ്, ആര്. രജീദ്, സിപിഒമാരായ അനില്‍ , മനീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: