കൊച്ചി: അന്യായമായി ജപ്തി നടപടികള്‍ നടത്തി സ്വകാര്യ ബാങ്ക് കിടപ്പാടം കവര്‍ന്നെടുത്തതായി മാനാത്തുപാടം പാര്‍പ്പിട സംരക്ഷണ സമിതി ചെയര്‍പേഴ്സണ്‍ പി.യു. ആരിദ് വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. ഇടപ്പള്ളി മാനാത്തുപാടം ഷാജിയുടെ കോടികള്‍ വരുന്ന ഭൂമിയാണ് ജപ്തിയുടെ പേരില്‍ 38 ലക്ഷം രൂപയ്ക്ക് ഭൂമാഫിയയ്ക്ക് മറിച്ചുവിറ്റത്. ബാങ്കിന്റെ ഈ നടപടികള്‍ക്കെതിരെ ചിതയൊരുക്കി അനശ്ചിതകാല സമരം നടത്താനാണ് തീരുമാനം.
1994ലാണ് ഒരു ബാങ്കില്‍ നിന്ന് ഷാജി മൂന്ന് ലക്ഷം രൂപയുടെ ഓവര്‍ ഡ്രാഫ്റ്റ് എടുക്കുന്നത്. കുടിശിക വന്നതോടെ ഒരു ലക്ഷം രൂപ ഷാജി തിരിച്ചടച്ചു. പലിശയുള്‍പ്പെടെ തുക പത്ത് ലക്ഷത്തിലെത്തി. ഇതിനിടെ ഈ ബാങ്ക് ഇപ്പോഴത്തെ സ്വകാര്യ ബാങ്കില്‍ ലയിച്ചു. 2014ലാണ് ബാങ്കില്‍ നിന്ന് ഈ തുകയെ കുറിച്ചുള്ള അന്വേഷണമുണ്ടാകുന്നത്. എടുത്ത തുകയ്ക്ക് പകരമായി ഒരു കോടി എട്ട് ലക്ഷം രൂപ അടയ്ക്കണമെന്നാണ് ബാങ്ക് ആവശ്യപ്പെട്ടത്.
ഷാജിയുടെ ഉടമസ്ഥതയില്‍ ഇടപ്പള്ളിയിലുണ്ടായിരുന്ന രണ്ടര കോടി വിലമതിക്കുന്ന പതിനെട്ട് സെന്റ് സ്ഥലം ജപ്തി നടപടിയുടെ ഭാഗമായി പിടിച്ചെടുത്ത് മറ്റൊരു സ്വകാര്യ വ്യക്തിക്ക് 37 ലക്ഷം രൂപയ്ക്ക് ബാങ്ക് മറിച്ചുവിറ്റു.
സര്‍ഫാസി നിയമത്തിന്റെ മറവില്‍ ബാങ്കുകളുടെ ഇത്തരത്തിലുള്ള കൊള്ളയ്ക്കെതിരെയാണ് പ്രതിഷേധം. ഇന്ന് രാവിലെ 10ന് ഇടപ്പള്ളിയിലെ മാനാത്ത്പാടത്തെ ഷാജിയുടെ വസതിയില്‍ ആരംഭിക്കുന്ന അനശ്ചിതകാല സമരം അഡ്വ. എ ജയശങ്കര്‍ ഉദ്ഘാടനം ചെയ്യും. സമരത്തിന്റെ ഭാഗമായി കൂനംതൈ ജംഗ്ഷനില്‍ 21ന് സര്‍വകക്ഷി പ്രതിഷേധ സംഗമം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: