പറമ്പിക്കുളം: സര്‍ക്കാറുകള്‍ മാറുകയല്ലാതെ ഉദ്യോഗസ്ഥരുടെ മനോഭാവത്തില്‍ മാറ്റം വരുന്നില്ലെന്നതിനു തെളിവാണ് പറമ്പിക്കുള്ളത്തെ ആദിവാസികളുടെ ഇന്നത്തെ അവസ്ഥ.
ജനപ്രതിനിധികള്‍ പദ്ധതി പ്രഖ്യാപനം നടത്തി ഫണ്ട് വകയിരുത്തി എന്നു പറയുമ്പോഴും പദ്ധതികള്‍ നടപ്പിലാക്കേണ്ട ഉദ്യോഗസ്ഥരുടെ കനിവിനായി കാത്തു കിടക്കുകയാണ് പറമ്പിക്കുളം ഊരുകളിലെ കാടിന്റെ മക്കള്‍.
സര്‍ക്കാര്‍ ഖജനാവില്‍ നിന്നും ഇവരുടെ ഉന്നമനത്തിനായി കോടികള്‍ വകയിരുത്തുമ്പോഴും താഴെ തട്ടിലേക്ക് പദ്ധതി നടപ്പിലാകുമ്പോഴേക്കും ഉദ്യോഗസ്ഥരുടെ ചൂഷണവും പദ്ധതി നടപ്പിലാക്കാതെ നീണ്ടു പോകുന്നതും മാറ്റമില്ലാതെ തുടരുന്നു.
മുതലമട പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡായ പറമ്പിക്കുളം മേഖലയില്‍ പന്ത്രണ്ട് കോളനികളാണ് ഉള്ളത്. പറമ്പിക്കുളം, തൂക്കക്കടവ്, പരിവാരിപ്പള്ളം എന്നീ മൂന്ന് ഡാമുകളുണ്ടായിട്ടും കോളനിവാസികള്‍ക്ക് കുടിക്കുവാന്‍ ശുദ്ധജലമില്ലാത്ത സ്ഥിതിയാണ്. ജലാശയങ്ങളിലെ വെള്ളംവറ്റിയതും മഴ കുടിവെള്ള ക്ഷാമവും രൂക്ഷമായി. പൂപ്പാറ കോളനി, കുരിയാര്‍കുറ്റി കോളനി, കടവ് കോളനി, തേക്കടി തുടങ്ങിയ കോളനികളില്‍ കുടിവെള്ള പദ്ധതികള്‍ക്കായി സര്‍ക്കാര്‍ തുക വകയിരുത്തിയെങ്കിലും വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരുടെ നിസഹരണം മൂലം പദ്ധതികള്‍ പൂര്‍ത്തിയാക്കാനാകുന്നില്ല.
വനമേഖലയില്‍ മഴ ലഭ്യത കുറവായതിനാല്‍ നീര്‍ച്ചാലുകള്‍ ചോലകള്‍ എന്നിവയിലൂടെ വെള്ളം ഒഴുകി തുടങ്ങാത്തതിനാല്‍ ആ പ്രതീക്ഷയും നഷ്ടപ്പെട്ടു.
കോളനികളില്‍ പൈപ്പ് ലൈനിടാനും കുടിവെള്ളം എത്തിക്കാനുംകരാര് എടുത്തവരാകട്ടെ പാതിവഴിയില്‍ പണിനിര്‍ത്തി പദ്ധതിതുക കൈപ്പറ്റിയതായും പറയുന്നു. പദ്ധതി പ്രഖ്യാപനം നടത്തി ജനപ്രതിനിധികളും, ഉദ്യോഗസ്ഥരും മലയിറങ്ങുകയല്ലാതെ കുടിവെള്ളം കിട്ടുന്നുണ്ടോ എന്ന് അന്വേഷിക്കുകപോലും ചെയ്യുന്നില്ലെന്ന് കോളനിക്കാര്‍ പറയുന്നു. മുതലമട പഞ്ചായത്തിലെ കുണ്ടില കൊളുമ്പില്‍ ജില്ലാകലക്ടര്‍,എംഎല്‍എ ആറ് മാസം മുമ്പ് നടത്തിയ അദാലത്തില്‍ എല്ലാവീടുകളിലും പൈലൈന് ഏര്‍പ്പെടുത്തി കുടിവെള്ളം എത്തിക്കുമെന്ന് ഉറപ്പു നല്‍കിയെങ്കിലും ഇതുവരെ പ്രാവര്‍ത്തികമായിട്ടില്ല.
ആദിവാസികളുടെ ഉന്നമനത്തിനും അടിസ്ഥാന സൗകര്യ വികസനത്തിനുമായുള്ള കേന്ദ്ര-സംസ്ഥാന ഫണ്ടുകള്‍ ശരിയായ വിധം വിനിയോഗിക്കേണ്ടതാണ്.അടിസ്ഥാന സൗകര്യങ്ങള്‍ നല്‍കുന്നതിന് ജനപ്രതിനിധികളോടൊപ്പം ഉദ്യോഗസ്ഥ വൃന്തങ്ങളും തയ്യാറായാല്‍ മാത്രമേ പ്രശ്നപരിഹാരമാകുവെന്നാണ് പറമ്പിക്കുളത്തെ ആദിവാസികള്‍ക്ക് പറയാനുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: