ന്യൂദല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്ത ഐടി കമ്പനിയായ ഇന്‍ഫോസിസ് നടപ്പു സാമ്പത്തിക വര്‍ഷം ജൂണില്‍ അവസാനിച്ച ആദ്യ പാദത്തിലെ പ്രകടന ഫലം പുറത്തുവിട്ടു. ആദ്യ ത്രൈമാസത്തില്‍ കമ്പനിയുടെ അറ്റാദായം 3.3 ശതമാനം ഇടിഞ്ഞ് 3,483 കോടി രൂപയിലെത്തിയതായാണ് റിപ്പോര്‍ട്ട്.
അതേസമയം, പ്രവചനങ്ങള്‍ കവച്ചുവെക്കുന്ന പ്രകടനമാണ് ഇന്‍ഫോസിസ് നടത്തിയിട്ടുള്ളത്. 3,429 കോടി രൂപയുടെ അറ്റാദായം രേഖപ്പെടുത്തുമെന്നായിരുന്നു അനലിസ്റ്റുകളുടെ പ്രവചനം. മുന്‍ വര്‍ഷം ഇതേ പാദത്തില്‍ 3,603 കോടി രൂപയുടെ അറ്റാദായമാണ് കമ്പനി രേഖപ്പെടുത്തിയിട്ടുള്ളത്.
കറന്‍സിയുടെ സ്ഥിര മൂല്യം അടിസ്ഥാനമാക്കിയുള്ള വരുമാന വളര്‍ച്ച നിലനിര്‍ത്താന്‍ കമ്പനിക്ക് സാധിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2018 സാമ്പത്തിക വര്‍ഷത്തെ ഡോളര്‍ വരുമാനം മുന്‍പുള്ള 6.1-8.1 ശതമാനം എന്ന തലത്തില്‍ നിന്നും 7.1-9.1 ശതമാനത്തിലേക്ക് ഉയര്‍ന്നിട്ടുണ്ട്.
ഡോളര്‍ മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ അറ്റ വില്‍പ്പന 3.2 ശതമാനം വര്‍ധിച്ച് 2,651 മില്യണ്‍ ഡോളറിലെത്തിയതായും കമ്പനി അവകാശപ്പെടുന്നു. കറന്‍സി സ്ഥിര മൂല്യം അടിസ്ഥാനമാക്കി ജൂണ്‍ പാദത്തില്‍ 2.7 ശതമാനത്തിന്റെ വളര്‍ച്ചയാണ് കമ്പനിക്കുണ്ടായത്.
പലിശ, നികുതി തുടങ്ങിയവയ്ക്ക് മുന്‍പുള്ള ഇന്‍ഫോസിസിന്റെ വരുമാനത്തിലും അനലിസ്റ്റുകളുടെ പ്രവചനങ്ങള്‍ കവച്ചുവെക്കാന്‍ ഇന്‍ഫോസിസിനായി. ഇത്തരത്തില്‍ ശരാശരി 4,009 കോടി രൂപയുടെ വരുമാനം പ്രവചിച്ചിടത്ത് 4,111 കോടി രൂപയുടെ നേട്ടമുണ്ടാക്കാന്‍ കമ്പനിക്കായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: