പത്തനാപുരം: കല്ലുംകടവിലെ സാംസ്‌കാരികനിലയത്തിനു സമീപത്തായി നിര്‍മ്മിച്ച പഞ്ചായത്തിന്റെ മൂത്രപ്പുരയും കക്കൂസുകളും നാശത്തിന്റെ വക്കില്‍.
കഴിഞ്ഞ മണ്ഡലകാലത്ത് കൊട്ടിഘോഷിച്ച് ഉദ്ഘാടനം നടത്തിയെങ്കിലും ഒരാഴ്ച മാത്രമായിരുന്നു ആയുസ്. മാസങ്ങള്‍ കഴിഞ്ഞിട്ടും വീണ്ടും പൊതുജനങ്ങള്‍ക്കായി തുറന്നുനല്‍കാന്‍ പത്തനാപുരം പഞ്ചായത്ത് ഇനിയും തയ്യാറായിട്ടില്ല. പട്ടണത്തിലെത്തുന്ന സ്ത്രീകളടക്കമുള്ളവര്‍ പ്രാഥമിക ആവശ്യങ്ങള്‍ക്കായി ബുദ്ധിമുട്ടുമ്പോഴും കംഫര്‍ട്ട് സ്റ്റേഷന്‍ തുറന്ന് നല്‍കാത്ത സാഹചര്യമാണ്. പത്തനാപുരം കെഎസ്ആര്‍ടിസി ഡിപ്പോയില്‍ കംഫര്‍ട്ട് സ്റ്റേഷന്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചെങ്കിലും ചില വ്യാപാരികളുടെ എതിര്‍പ്പിനെ തുടര്‍ന്ന് നിര്‍മാണം നിര്‍ത്തിവയ്‌ക്കുകയായിരുന്നു.
പുതിയത് മാറ്റിനിര്‍മ്മിക്കുമെന്ന് അധികൃതര്‍ പറഞ്ഞങ്കിലും യാതൊരു നടപടിയും ഇനിയും ആരംഭിച്ചിട്ടില്ല എന്നതാണ് വാസ്തവം. ലക്ഷങ്ങള്‍ ചിലവഴിച്ച് കല്ലുംകടവില്‍ നിര്‍മ്മിച്ച സാംസ്‌കാരിക നിലയത്തിലും പ്രാഥമികആവശ്യങ്ങള്‍ക്ക് സൗകര്യമുണ്ടങ്കിലും അതും അടഞ്ഞുകിടക്കുകയാണ്.
മദ്യ-കഞ്ചാവ് മാഫിയകള്‍ താവളമാക്കിമാറ്റിയിരിക്കുകയാണിവിടം. അടിയന്തരനടപടി സ്വീകരിക്കാന്‍ പഞ്ചായത്ത് ഇനിയെങ്കിലും തയ്യാറാകണമെന്നാണ് പൊതുജന ആവശ്യം.
















