പാലക്കാട്: കുടുംബ ബജറ്റ് താളം തെറ്റിച്ച് പച്ചക്കറി വില കുതിച്ചുയരുന്നു. മഴ ലഭിക്കാത്തതുമൂലം ഇതര സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്കുള്ള പച്ചക്കറി വരവ് കുറഞ്ഞതാണ് കാരണം.
കാലാവസ്ഥാവ്യതിയാനം മൂലം തമിഴ്നാട്ടിലും ആന്ധ്രയിലും പച്ചക്കറി ഉത്പാദനം കുറഞ്ഞു. മഴ ലഭ്യത കുറഞ്ഞതിനാല്‍ ജലക്ഷാമം നേരിട്ടതാണ് തമിഴ്നാട്ടില്‍ നിന്നുള്ള പച്ചക്കറി വരവ് കുറയാന്‍ കാരണമെന്ന് പച്ചക്കറി വ്യാപാരികള്‍ പറയുന്നു.
ഇതോടെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും സംസ്ഥാനത്ത് എത്തുന്ന പച്ചക്കറിയുടെ വിലയും വര്‍ദ്ധിച്ചു. നാടന്‍ പച്ചക്കറിയുടെ വിലയും അധികമാണ്.
കഴിഞ്ഞ ഒരാഴ്ചക്കുള്ളില്‍ 10 മുതല്‍ 100 ശതമാനം വരെയാണ് പച്ചക്കറി വില വര്‍ധിച്ചത്. വില കൂടിയത് പ്രധാനമായും ചെറിയ ഉള്ളി, തക്കാളിക്കും കാരറ്റിനും വെണ്ടക്കുമാണ്.പൊളളാച്ചി, കോയമ്പത്തൂര്‍, ഒട്ടന്‍ഛത്രം, മേട്ടുപ്പാളയം, ഉദുമല്‍ പേട്ട എന്നിവിടങ്ങളിലാണ് തമിഴ്നാട്ടില്‍ പ്രധാനമായും തക്കാളി കൃഷി ചെയ്യുന്നത്.
പാലക്കാടന്‍ ജില്ലയിലെ കിഴക്കന്‍ മേഖലയിലും തക്കാളി പ്രധാന കാര്‍ഷിക ഇനമായിരുന്നു. കഴിഞ്ഞ ആഴ്ച കിലോക്ക് 60 രൂപയായിരുന്ന കാരറ്റിന് മാര്‍ക്കറ്റ് വില85 രൂപയാണ്. 40 രൂപയായിരുന്ന തക്കാളിക്ക് 70 ആയി. 40 രൂപവിലയുണ്ടായിരുന്ന വെണ്ടക്കും കിലോക്ക് അറുപതിലധികമായി. ഉരുളക്കിഴങ്ങും സവാളയുമൊഴികെ മറ്റെല്ലാറ്റിനും നേരിയ തോതിലെങ്കിലും വില കൂടിയിട്ടുണ്ടെന്നാണ് വ്യാപാരികള്‍ പറയുന്നത്.
55 രൂപയായിരുന്ന പയറിന് ഇപ്പോള്‍ 80 രൂപവരെയാണ് വില. പച്ചമുളകിനും ബീന്‍സിനും വില കൂടിയിട്ടുണ്ട്. സാധാരണക്കാര്‍ ചെറുകിട കച്ചവടക്കാരെ സമീപിക്കുന്നത് 50 രൂപക്ക് സാമ്പാറിനും അവിയലിനുമൊക്കെയുള്ള കിറ്റുകള്‍ വാങ്ങാനാണ്.
എന്നാല്‍ ഉയര്‍ന്ന വിലക്ക് പച്ചക്കറികള്‍ വാങ്ങി ഇത്തരം കിറ്റുകള്‍ നല്കാന് കഴിയാതെ വന്നതോടെ വഴിയോര ചെറുകിട കച്ചവടക്കാര്‍ വില്പന നിര്‍ത്തിയ അവസ്ഥയിലാണ്. നാടന്‍ പച്ചക്കറികളുടെ വിലയും വര്‍ധിച്ചതായാണ് വ്യാപാരികള്‍ പറയുന്നത്. സാദാ പയറിന് 40 രൂപയാണ് വിലയെങ്കില്‍ നാടന്‍ പയറിന് 80 രൂപയാണ് ഈടാക്കുന്നത്.
ചിലയിനം പച്ചക്കറികളുടെ ലോഡുകള്‍ കൂടുതലായി എത്തിയിട്ടും നിലവിലെ വിലയില്‍ കുറവ് വരുത്താന്‍ ഏജന്‍സികള്‍ തയ്യാറായിട്ടില്ല.
പച്ചക്കറി വിലകയറ്റത്തിന്റെ മറവില്‍ പഴവര്‍ഗങ്ങളുടെ വില ഉയര്‍ത്തുന്നതായും പരാതിയുണ്ട്.
നിലവിലെ വിലവര്‍ധന ഓണക്കാലം വരെ തുടരുമെന്നാണ് വിലയിരുത്തല്‍. വില നിയന്ത്രണത്തിന് സര്‍ക്കാര്‍ ബദല്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താതും ഉപഭോക്താക്കളെ പിഴിയുന്നതിന് കാരണമാകുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: