ന്യൂദല്‍ഹി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നാഷണല്‍ ഇലക്ട്രോണിക് ഫണ്ട് ട്രാന്‍സ്ഫര്‍(എന്‍ഇഎഫ്ടി), റിയല്‍ ടൈം ഗ്രോസ് സെറ്റില്‍മെന്റ്(ആര്‍ടിജിഎസ്) നിരക്കുകളില്‍ ഇളവ് വരുത്തി. ഓണ്‍ലൈന്‍, മൊബൈല്‍ ഇടപാടുകള്‍ക്ക് 75 ശതമാനംവരെയാണ് ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. ജൂലൈ 15 മുതല്‍ പുതിയ നിരക്ക്പ്രാബല്യത്തില് വരും.
എന്‍ഇഎഫ്ടി വഴി 10,000 രൂപ കൈമാറുന്നതിന് എസ്ബിഐ 2 രൂപ ഈടാക്കിയിരുന്നത് 18 ശതമാനം ജിഎസ്ടി ഉള്‍പ്പടെ ഒരു രൂപയാക്കി കുറച്ചിട്ടുണ്ട്. കൂടാതെ 10,000 രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെയുള്ള എന്‍ഇഎഫ്ടി ഇടപാടുകള്‍ക്കുള്ള ചാര്‍ജ് 2 രൂപയാക്കിയും കുറച്ചു. ഇതിനുമുമ്പിത് 4 രൂപയായിരുന്നു.
ആര്‍ടിജിഎസ് വഴി രണ്ട് ലക്ഷം മുതല്‍ അഞ്ച് ലക്ഷം വരെയുള്ള കൈമാറ്റത്തിന് 20 രൂപയായിരുന്നത് അഞ്ച് രൂപയാക്കി കുറച്ചിട്ടുണ്ടെന്നും എസ്ബിഐ(എന്‍ജിബി) എംഡി രജ്നീഷ് കുമാര്‍ അറിയിച്ചു.
ജൂലൈ ഒന്നുമുതല്‍ ഐഎംപിഎസ് വഴി 1000 രൂപ വരെയുള്ള പണം കൈമാറ്റത്തിന് ചാര്‍ജ് ഈടാക്കുന്നതല്ലെന്ന് എസ്ബിഐ നേരത്തെ അറിയിച്ചിരുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: