പറമ്പിക്കുളം : പറമ്പിക്കുളത്തെ കോളനികളുടെ അടിസ്ഥാന പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കുന്നതിനായി വിവിധ വകുപ്പുകളുമായി സംയോജിപ്പ് പദ്ധതികള്‍ ആവിഷ്ക്കരിച്ച് നടപ്പിലാക്കുമെന്ന് കെ.ബാബു എംഎല്‍എ, .ജില്ലാ കളക്ടര്‍ പി.മേരിക്കുട്ടി എന്നിവര്‍ പറഞ്ഞു. എംഎല്‍എ, കളക്ടര്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന പരാതി പരിഹാര അദാലത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
പറമ്പിക്കുളം ടൈഗര്‍ ഹാളിലായിരുന്നു അദാലത്ത്. വാര്‍ഡിലെ 12 കോളനിയില്‍ നിന്നും അംഗങ്ങള്‍ പങ്കെടുത്തു. കോളനിയുടെ അടിസ്ഥാന വികസനം, റോഡുകളുടെ ശോചനീയാവസ്ഥയും ചര്‍ച്ചയില്‍ വന്നു. വനം വകുപ്പില്‍ വാച്ചര്‍മാരുടെ നിയമനത്തില്് പറമ്പിക്കുളം നിവാസികള്‍ക്ക് പ്രഥമ പരിഗണന നല്‍കണമെന്നും അവര്‍ ആവശ്യപ്പെട്ടു. വിദ്യാഭ്യാസം കഴിഞ്ഞവര്പോലൂം തൊഴിലില്ലാത്ത അവസ്ഥയിലാണ്.
റസിഡന്‍ഷ്യല്‍ സ്ക്കൂള്, എടിഎം കൗണ്ടര്‍, അക്ഷയ സെന്റര്‍ എന്നിവ സ്ഥാപിക്കണം.ടൂറിസ്റ്റുകള്‍ക്ക് വനവിഭവങ്ങള്‍ സംസ്ക്കരിച്ച് നല്കുന്നതിനു വേണ്ട സംവിധാനം ഒരുക്കണം മൂന്ന് മാസത്തിലൊരിക്കല്‍ പ്രമോട്ടര്‍മാര്‍ കോളനികള്‍ സന്ദര്‍ശിച്ച് ഇവരുടെ വിവരങ്ങള്‍ ബന്ധപ്പെട്ടവകുപ്പിന് കൈമാറും. 12 പേര് നഴ്സിംഗ് പഠനം പൂര്‍ത്തിയായിട്ടും തൊഴില്‍ ലഭിക്കാത്ത സ്ഥിതിയും ചൂണ്ടിക്കാട്ടി. റോഡുകളുടെ ശോചനീയവസ്ഥമൂലം അസുഖം ബാധിച്ചവരെ യഥാസമയം ആശുപത്രിയിലെത്താന്‍ കഴിയാതെ രണ്ടു കുട്ടികള്‍ മരിക്കാന്‍ ഇടയായതായും അദാലത്തില്‍ പരാതിപ്പെട്ടു.
25 വര്‍ഷം മുമ്പ് നിര്‍മ്മിതി പണിത മിക്ക വീടുകളും പൊട്ടിപ്പൊളിഞ്ഞതിലൂടെ പ്ലാസ്റ്റിക് ഷീറ്റ് വീടിന് മുകളില്‍ ഇട്ടാണ് മഴയില്‍ നിന്ന് രക്ഷനേടുന്നത്. വന്യമൃഗത്തില്‍ നിന്നും സംരക്ഷണം നേടാന്‍ ഫ്ളാറ്റുകള്‍ പോലുള്ള കെട്ടിടങ്ങള്‍ പണിത് കോളനിവാസികളെ പുനധിവസിപ്പിക്കണമെന്ന ആവശ്യവും ഉയര്‍ന്നു വന്നു.
ഒരു കുടുംബത്തില്‍ 21 പേരാണ് താമസിക്കുന്നതെന്നും ഇതിന് പരിഹാരം കാണണമെന്നും വൈദ്യുതി, കുടിവെള്ളം, ഭവന നിര്‍മാണം, മണ്ണൊലിപ്പ് തടയല്‍, തെരുവ് വിളക്ക്. വാട്ടര്‍ ടാങ്ക്, പൈപ്പ് ലൈന്‍, റോഡുകള്‍ നന്നാക്കല്‍, വിദ്യാഭ്യാസ ഗൈഡ് സെന്റര്‍, ഡോക്ടര്‍മാരുടെ കാര്യക്ഷമമാക്കല്‍, അട്ടപ്പാടി മേഖലയില്‍ നടപ്പിലാക്കായ പ്രത്യേക നിയമനം നടത്തി സര്‍ക്കാര്‍ ജോലി നല്‍കണമെന്ന ആവശ്യം ഉള്‍പ്പെടെ അദാലത്തില്‍ പരാതിയായി ഉയര്‍ന്നു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശാരദ തുളസീദാസ,് പഞ്ചായത്ത് പ്രസിഡന്റ് ബേബി സുധ, മുന്‍ എംഎല്‍എ കെ.എ.ചന്ദ്രന്, വാര്‍ഡ് മെമ്പര്‍ ശ്രീധരന്, പറമ്പിക്കുളം ഡിഎഫ്ഒ മധുസൂദനന്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, മുതലമട പഞ്ചായത്ത് ജനപ്രതിനിധികളായ രാധാകൃഷ്ണന്, കൃഷ്ണകുമാര്‍ എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: