പത്തനംതിട്ട: കഴിഞ്ഞ മണ്ഡല മകരവിളക്ക് ഉത്സവക്കാലത്ത് ഭക്തര്‍ പമ്പാനദിയില്‍ വലിച്ചെറിഞ്ഞ വസ്ത്രങ്ങള്‍ ശേഖരിച്ചത് തീരത്തുതന്നെ ഉപേക്ഷിച്ച നിലയില്‍. വസ്ത്രങ്ങള്‍ ഭാണ്ഡക്കെട്ടുകളാക്കി കൂട്ടി വച്ചിട്ടുണ്ടെങ്കിലും ഇതുവരെ ഇവിടെനിന്നും കൊണ്ടുപോയിട്ടില്ല.
പമ്പാനദിയെ മലിനമാക്കുന്നതില്‍ ഏറെ പങ്കുവഹിക്കുന്ന വസ്ത്ര മാലിന്യങ്ങള്‍ നദിയില്‍നിന്നും ശേഖരിച്ച് കെട്ടുകളാക്കിയെങ്കിലും അവിടെനിന്നും കൊണ്ടുപോകാതെ നദീതീരത്തെ ഇഞ്ചപടര്പ്പില് കുട്ടിയിട്ടിരിക്കുകയാണ്. ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്ന തീര്‍ത്ഥാടകരാണ് സാധാരണ ദര്‍ശന ശേഷം പമ്പയില്‍ വസ്ത്രം ഉപേക്ഷിക്കുന്നത്.
നദിയില്‍ ഉപേക്ഷിക്കുന്ന വസ്ത്രങ്ങള്‍ ശേഖരിക്കാന്‍ നേരത്തെ ദേവസ്വം ബോര്‍ഡ് കരാര്‍ നല്‍കിയിരുന്നു.
എന്നാല്‍ കോടതി ഇടപെടലിനെ തുടര്‍ന്ന് കരാര്‍ നല്‍കുന്നത് ഒഴിവാക്കി. പിന്നീട് ദേവസ്വം ബോര്‍ഡിന്റെ ചുമതലയില്‍ വസ്ത്രങ്ങള്‍ നദിയില്‍നിന്നും ശേഖരിക്കുകയായിരുന്നു. ഇതിനായി ദിവസ വേതനാടിസ്ഥാനത്തില്‍ ആള്‍ക്കാരെ നിയോഗിക്കുകയും ചെയ്തു.
വസ്ത്ര ശേഖരണത്തിനു മാത്രമായി കഴിഞ്ഞ തീര്‍ത്ഥാടനക്കാലത്ത് ലക്ഷങ്ങള്‍ ചിലവഴിക്കുകയും ചെയ്തു. ഇത്തരത്തില്‍ ശേഖരിച്ച വസ്ത്രങ്ങളാണ് നദീതീരത്തുതന്നെ ഉപേക്ഷിച്ചിരിക്കുന്നത്. തീര്‍ത്ഥാടനക്കാലം കഴിഞ്ഞതോടെ ആരും ഇക്കാര്യം ശ്രദ്ധിക്കാതായി.
കെട്ടുകളാക്കിയ തുണികള്‍ വീണ്ടും പമ്പയുടെ മലിനീകരണത്തിന് കാരണമാകും. കാലവര്‍ഷത്തില്‍ പമ്പ കരകവിഞ്ഞ് ഒഴുകുമ്പോള്‍ ഈ വസ്ത്രമാലിന്യങ്ങള്‍ ഒഴുകി താഴെ ജനവാസ മേഖലകളിലെത്തുകയും അവിടെ അടിഞ്ഞ് വെള്ളം മലിനമാകുകയും ചെയ്യും. പമ്പാനദിയെ ആശ്രയിച്ച് പതിനെട്ടോളം കുടിവെള്ള പദ്ധതികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
ഇത്തരത്തില്‍ മാലിന്യം വര്‍ദ്ധിക്കുന്നത് കുടിവെള്ള പദ്ധതികളെയും ബാധിക്കും. പമ്പയില്‍ നിന്നും ശേഖരിച്ച വസ്ത്രങ്ങളില്‍ പുനരുപയോഗത്തിന് പറ്റിയവ മാത്രം തിരഞ്ഞെടുത്ത ശേഷം ബാക്കിയുള്ളവ തീരത്തുതന്നെ ഉപേക്ഷിച്ചതാവാമെന്നും പറയപ്പെടുന്നു. ഇക്കാര്യത്തില്‍ ദേവസ്വം ബോര്‍ഡ് അധികൃതരുടെ ശ്രദ്ധ ഇതുവരെ പതിഞ്ഞിട്ടില്ല. പമ്പാനദിയെ മാലിന്യ മുക്തമാക്കാന്‍ ബ്രഹദ് പദ്ധതികള്‍ ആവിഷ്ക്കരിച്ച് നടപ്പാക്കുമ്പോളാണ് ഉദ്യോഗസ്ഥരുടെ ഇത്തരം അനാസ്ഥ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: