കണ്ണൂര്‍: കണ്ണൂര്‍ ടൗണ്‍ എസ്ഐ പി.ആര്.മനോജിനെ കണ്ണൂര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ വിചാരണ ചെയ്യാന്‍ അനുമതി നല്കി ആഭ്യന്തര അണ്ടര്‍ സെക്രട്ടറി ഉത്തരവായി. സ്വതന്ത്ര ഓട്ടോറിക്ഷാ തൊഴിലാളി യൂണിയന് കണ്ണൂര്‍ ജില്ലാ സെക്രട്ടറി എന്‍.ലക്ഷ്മണന് ഹൈക്കോടതിയില്‍ നല്കിയ കേസിനെ തുടര്‍ന്നാണ് ആഭ്യന്തര വകുപ്പിന്റെ ഈ ഉത്തരവ്. 2011 ഫെബ്രുവരി രണ്ടിന് കണ്ണൂര്‍ ജെഎസ്പോള് കോര്ണറില്വെച്ച് മാര്‍ഗ്ഗ തടസ്സം സൃഷ്ടിച്ചു എന്നാരോപിച്ച് ലക്ഷ്മണനെയും അദ്ദേഹത്തിന്റെ ഓട്ടോറിക്ഷയും കണ്ണൂര്‍ എസ്ഐ ആയിരുന്ന പി.ആര്. മനോജ് കസ്റ്റഡിയിലെടുക്കുകയും 24 മണിക്കൂര്‍ പോലീസ് സ്റ്റേഷനില്‍ അന്യായമായി തടവിലിടുകയും ചെയ്തതിനെതിരെ കണ്ണൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ലക്ഷ്മണന് സ്വകാര്യ അന്യായം ഫയല്‍ ചെയ്തിരുന്നു.
കുറ്റം ചെയ്യാത്തതിനാല്‍ പിഴയടക്കാന്‍ ആവില്ലെന്ന് പറഞ്ഞതിനാലാണ് 24 മണിക്കൂര്‍ ഭക്ഷണം പോലും നല്‍കാതെ സ്റ്റേഷനില്‍ തടവിലിട്ട് പീഡിപ്പിച്ചതെന്നും, ഡ്രൈവിംഗ് ലൈസന്‍സ് വാങ്ങി പിന്നീട് ഇതാവശ്യപ്പെട്ടപ്പോള്‍ ലൈസന്‍സ് വാങ്ങിയിട്ടില്ലെന്ന് പറഞ്ഞ് വിശ്വാസ വഞ്ചന കാണിച്ചതിനുമാണ് എസ്ഐ പി.ആര്.മനോജിനെതിരെ ലക്ഷ്മണന് പരാതി നല്‍കിയത്.
കേസില്‍ കുറ്റക്കാരനല്ലെന്ന് കണ്ട് കോടതി ലക്ഷ്മണനെ വെറുതെ വിട്ടിരുന്നു. കേസ് ആരംഭിച്ചപ്പോള്‍ സര്‍ക്കാര്‍ അനുമതി ഇല്ലാത്തതിനാല്കേസ് റദ്ദ് ചെയ്യണമെന്ന് എസ്ഐ ഹൈക്കോടതില്‍ ഹര്‍ജി നല്കി. സര്‍ക്കാര്‍അനുമതി ലഭിക്കുന്നതുവരെ കേസ് നിര്‍ത്തിവെക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. എസ്ഐയെ വിചാരണചെയ്യാന്‍ അനുമതി ആവശ്യപ്പെട്ട് 2011 ല്‍ തന്നെ ആഭ്യന്തര അഡീഷണല്‍ സെക്രട്ടറിക്ക് ലക്ഷ്മണന് അപേക്ഷ സമര്‍പ്പിച്ചിരുന്നു. അപേക്ഷയിന്മേല് ആഭ്യന്തരവകുപ്പ് യാതൊരു തീരുമാനവും എടുക്കാത്തസാഹചര്യത്തില് ഇക്കാര്യത്തില്‍എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ എന്ന് വിവരാവകാശ നിയമപ്രകാരം ലക്ഷ്മണന് നല്കിയ അപേക്ഷയില്‍ വിവരം നല്കാന് ബാധ്യതയില്ലെന്ന വിചിത്രമായ മറുപടിയാണ് ലക്ഷ്മണന് ലഭിച്ചത്.
തുടര്‍ന്ന് ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയെ എതിര്‍കക്ഷിയാക്കിക്കൊണ്ട് ലക്ഷ്മണന് ഹൈക്കോടതിയില്‍ അഡ്വ.ലിജിന്‍ തമ്പാന് മുഖേന റിട്ട് ഹര്‍ജി നല്കുകയുണ്ടായി. ഈ ഹരജിയില്‍ ഒരുമാസത്തിനുള്ളില്‍ തീരുമാനം കൈക്കൊള്ളാന്‍ ആഭ്യന്തര സെക്രട്ടറിയോട് ഹൈക്കോടതി ആവശ്യപ്പെട്ടു. ലക്ഷ്മണന്റെയും എസ്ഐ പി.ആര്.മനോജിന്റെയും വാദങ്ങള്‍ കേട്ടശേഷമാണ് ഇപ്പോള്‍ എസ്ഐക്കെതിരെയുള്ള ക്രിമിനല്‍കേസ് നടത്താനുള്ള ഔദ്യോഗിക അനുമതി നല്‍കിക്കൊണ്ടുള്ള ആഭ്യന്തര വകുപ്പ് അണ്ടര്‍ സെക്രട്ടറിയുടെ ഉത്തരവുണ്ടായിരിക്കുന്നത്. ഈ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ മജിസ്ട്രേറ്റ് കോടിതിയില്‍ എസ്ഐക്കെതിരെയുള്ളകേസ് നടപടികള്‍ പുനരാരംഭിക്കുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: