കാക്കനാട്: ജനങ്ങളുടെ പരാതി നിഷ്പക്ഷമായി പരിഹരിക്കാനായി എല്ലാ തദ്ദേശസ്ഥാപനങ്ങളിലും ടൗണ്‍ പ്ലാനിംഗ് ഓഫീസുകളിലും പരാതിപ്പെട്ടി സ്ഥാപിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. തദ്ദേശസ്ഥാപനങ്ങളുടെയും ടൗണ്‍ പ്ലാനിംഗ് ഓഫീസുകളുടെയും പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി ജനങ്ങളില്‍ നിന്ന് നിര്‍ദേശങ്ങളും അഭിപ്രായങ്ങളും സ്വീകരിക്കുന്നതിനുകൂടിയാണിത്. പരാതിപ്പെട്ടികള്‍ വഴി ലഭിക്കുന്ന പരാതികള്‍ പ്രത്യേകം പരിശോധിച്ച് തുടര്‍നടപടികള്‍ ഉറപ്പുവരുത്താന്‍ പെര്‍ഫോമന്‍സ് ഓഡിറ്റ് വിഭാഗം ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
കൊച്ചി മേഖല പെര്‍ഫോമന്‍സ് ഓഡിറ്റ് വിഭാഗത്തിന്റെ അധികാര പരിധിയില്‍ വരുന്ന പാലക്കാട്, തൃശൂര്‍, എറണാകുളം, ഇടുക്കി ജില്ലാ പഞ്ചായത്തുകളിലും ജില്ലാ ടൗണ്‍ പ്ലാനിംഗ് ഓഫീസുകളിലും തൃശൂര്‍, കൊച്ചി കോര്‍പ്പറേഷനുകളിലും പരാതിപ്പെട്ടികള്‍ സ്ഥാപിച്ചിട്ടുണ്ട്. ഓരോ സ്ഥാപനത്തിന്റെയും പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട പരാതികളും നിര്‍ദേശങ്ങളും അഭിപ്രായങ്ങളും അതാത് സ്ഥാപനങ്ങളില്‍/ഓഫീസുകളില്‍ സ്ഥാപിച്ചിട്ടുളള പരാതിപ്പെട്ടികളില്‍ നിക്ഷേപിക്കാം.
ഓരോ സ്ഥാപനത്തിലും സ്ഥാപിച്ചിട്ടുള്ള പരാതിപ്പെട്ടികള്‍ ഓരോ മാസവും തുറക്കുന്നതിന് ചുമതലപ്പെടുത്തിയിട്ടുള്ള ഉദ്യോഗസ്ഥരുടെയും അപ്പീല്‍ അധികാരിയുടെയും പേരും വിലാസവും, പരാതിപ്പെട്ടി തുറക്കുന്ന ദിവസവും സമയവും പരാതിപ്പെട്ടികള്ക്ക് സമീപം പൊതുജനങ്ങള്‍ക്ക് കാണത്തക്കവിധം രേഖപ്പെടുത്തിയിട്ടുണ്ട്.
ഓരോ തദ്ദേശ സ്ഥാപനങ്ങളിലും/ടൗണ്‍ പ്ലാനിംഗ് ഓഫീസുകളിലും സ്ഥാപിച്ചിട്ടുള്ള പരാതിപ്പെട്ടികള്‍ തുറക്കാന്‍ നിശ്ചയിച്ച തീയതിയില്‍ നിയുക്ത ഉദ്യോഗസ്ഥന്, സെക്രട്ടറി, മറ്റു ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ പെട്ടി തുറന്ന് പരാതികള്‍ പരിഹരിക്കുന്നതിനാവശ്യമായ നിര്‍ദേശങ്ങളോടെ പരാതികള്‍ സെക്രട്ടറിക്ക് കൈമാറും. പരമാവധി ഒരു മാസത്തിനകം പരാതി പരിഹരിക്കുന്നുവെന്ന് സെക്രട്ടറി ഉറപ്പുവരുത്തും. പരാതിപ്പെട്ടി തുറക്കാന്‍ ചുമതലപ്പെട്ട, വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥനെതിരേ ശക്തമായ നടപടികളും സ്വീകരിക്കും.
പരാതിപ്പെട്ടി തുറക്കുന്ന ദിവസം ആവശ്യമെങ്കില്‍ പൊതുജനങ്ങള്‍ക്ക് നേരിട്ട് പരാതി സമര്‍പ്പിക്കുവാനുള്ള അവസരവും ഉണ്ടായിരിക്കും.
ലഭിച്ച പരാതികള്‍, സെക്രട്ടറിക്ക് നല്കിയ നിര്‍ദേശത്തിന്റെ പ്രസക്ത ഭാഗങ്ങള്‍, എത്ര ദിവസത്തിനകം പരിഹാരം ലഭിക്കും, തുടര്‍നടപടി ഉപേക്ഷിച്ചാല്‍ എന്തുകൊണ്ട് എന്നിവ വിശദമായി പരാതിക്കാരന് മറുപടി നല്‍കും.
പരാതിപ്പെട്ടി വഴി ലഭിക്കുന്ന പരാതി ചുമതലപ്പെട്ട ഉദ്യോഗസ്ഥന്റെ അധികാര പരിധിക്കു പുറത്തുള്ളതാണെങ്കില്‍ പ്രസ്തുത പരാതി മേഖല പെര്‍ഫോമന്‍സ് ഓഡിറ്റ് ഓഫീസര്‍ക്കോ സ്റ്റേറ്റ് പെര്‍ഫോമന്‍സ് ഓഡിറ്റ് ഓഫീസര്‍ക്കോ കൈമാറും. പരാതിപ്പെട്ടി സ്ഥാപിച്ചിട്ടുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും ജില്ലാ ടൗണ്‍ പ്ലാനിംഗ് ഓഫീസുകളുടെയും പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്ക് പരാതി സമര്‍പ്പിക്കാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: