നിലമ്പൂര്‍: അന്തര്‍ദേശീയ നിലവാരത്തിലുയര്‍ന്ന നിലമ്പൂര്‍ തേക്ക് മ്യൂസിയത്തിലെ ഔഷധോദ്യാനത്തെ ദേശീയനിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള പദ്ധതികള്‍ക്ക് തുടക്കമായി.
കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള നാഷണല്‍ മെഡിസിനല്‍ പ്ലാന്റ് ബോര്‍ഡിന്റെ ഫണ്ട് ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രത്യേകം പരിശീലനം നേടിയ ഉദ്ദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട്. ആദ്യഘട്ടത്തില്‍ വിവിധ ബ്ലോക്കുകള്‍ തിരിക്കല്‍, സുലഭമായ ജലസേചന സംവിധാനം എന്നിവയുടെ പ്രവര്‍ത്തനമാണ് നടക്കുന്നത്.
പരമ്പരാഗത ഔഷധസസ്യങ്ങളുടെയും വംശനാശം നേരിടുന്ന ഔഷധസസ്യങ്ങളുടെയും സംരക്ഷണമാണ് ഔഷധോദ്യാനത്തിന്റെ പ്രധാന ലക്ഷ്യം. ഗവേഷകര്‍, ഗവേഷണവിദ്യാര്‍ത്ഥികള്‍, ടൂറിസ്റ്റുകള്‍ എന്നിവര്‍ക്ക് കണ്ട് മനസ്സിലാക്കാവുന്ന രീതിയിലാണ് ഔഷധോദ്യാനം ഒരുക്കുന്നത്. നിലവില്‍ അഞ്ച് ഹെക്ടര്‍ സ്ഥലമാണ് സര്‍ക്കാര്‍ ഇതിനായി മാറ്റിവെച്ചിട്ടുള്ളത്.
ഇതില്‍ രണ്ട് ഹെക്ടറില്‍ ഉദ്യാനം പൂര്‍ത്തിയായിട്ടുണ്ട്. വനാന്തരങ്ങളിലുള്ള ആദിവാസികളുടെയും ആദിവാസി പാരമ്പര്യ വൈദ്യശൃംഖലയിലുള്ളവരെയും കണ്ടെത്തി ഔഷധ സസ്യങ്ങളുടെ വിത്തും തൈകളും ശേഖരിച്ചാണ് ഉദ്യാനത്തില്‍ വളര്‍ത്തുന്നത്. ഔഷധോദ്യാനത്തിന്റെ നവീകരണിത്തിനായി തമിഴ്നാട്, കര്‍ണ്ണാടക സംസ്ഥാനങ്ങളിലെ വനം വകുപ്പുകേന്ദ്രങ്ങളുമായി പഠന ഗവേഷണ സൗകര്യങ്ങളും ഒരുക്കിയതായി വനം ഗവേഷണ കേന്ദ്രം നിലമ്പൂര്‍ സബ് സെന്ററിലെ ശാസ്ത്രജ്ഞനായ ഡോ.യു.എം.ചന്ദ്രശേഖരന് പറഞ്ഞു.
ജനങ്ങളെ ആകര്‍ഷിക്കുന്ന വിധമായിരിക്കും ജലസേചനത്തിനുള്ള കുളങ്ങള്‍ നിര്‍മ്മിക്കുക. കോണ്‍ക്രീറ്റില്‍ പരമ്പരാഗത വേഷത്തിലുള്ള ആദിവാസികളുടെ മുഖരൂപങ്ങളും നിര്‍മ്മിച്ച് ഔഷധോദ്യാനത്തില്‍ സ്ഥാപിക്കും. നിലമ്പൂര്‍ തേക്ക് മ്യൂസിയം അന്തര്‍ദേശീയ അംഗീകാരമുള്ളതുകൊണ്ട് തന്നെ ഔഷധോദ്യാനം അന്തര്‍ദേശിയ നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള ലക്ഷ്യത്തിലാണ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: