മട്ടാഞ്ചേരി: ആറ് പതിറ്റാണ്ട് പിന്നിട്ട കൊച്ചിയിലെ കുരുമുളക് അവധി വ്യാപാരം നിര്‍ത്തലാക്കുന്നു. ഇന്ത്യ പെപ്പര്‍ സ്പെയ്സസ് ട്രെയ്ഡ് അസോസിയേഷന്റെ (ഇപ്സ്റ്റ) നേതൃത്വത്തിലുള്ള അവധി വ്യാപാരം ഇനി സ്പോട്ട് വിപണിയായി നടത്താനാണ് നീക്കം. ഇപ്സ്റ്റ ഡയറക്ടര്‍ ബോര്‍ഡ് തീരുമാനത്തിന് ജനറല്‍ ബോഡി യോഗം അംഗീകാരം നല്കി.
ഇന്ത്യയിലെ ആദ്യ അവധി വ്യാപാര കേന്ദ്രമാണ് ഇപ്സ്റ്റ. 1957 സെപ്തംബറില്‍ ആരംഭിച്ച ഇപ്സ്റ്റ 1952 ലെ ഫോര്‍വേര്‍ഡ് മാര്‍ക്കറ്റ് റെഗുലേഷന് നിയമ പ്രകാരമാണ് കുരുമുളക് അവധി വ്യാപാരം തുടങ്ങിയത്. അംഗങ്ങള്‍ തങ്ങളുടെ വിലകള്‍ അലറി വിളിച്ചായിരുന്നു കച്ചവടം നടത്തിയിരുന്നത്. കൊച്ചി ജൂ ടൗണിലെ ട്രേഡിങ് ഫ്ളോറിലെത്തുന്ന ഇരുനൂറ്റമ്പതോളം അംഗങ്ങളുടെ ഇടപാട് രീതി ഏറെ ശ്രദ്ധേയമായിരുന്നു. പ്രതി ദിനം 750 ടണ്‍ കുരുമുളകിന്റെ അവധി വ്യാപാരമാണ് നടന്നിരുന്നതെന്ന് മുന്‍ പ്രസിഡന്റ് കിഷോര്‍ ശ്യാം പറഞ്ഞു. 1997ല്‍ കൊച്ചി സന്ദര്‍ശിച്ച എലിസബത്ത് രാജ്ഞി ഫ്ളേര്‍ സന്ദര്‍ശിച്ചതും ലോക ശ്രദ്ധ ആകര്‍ഷിച്ചു.
2003ല്‍ അവധി വ്യാപാരം ഓണ്‍ലൈന്‍ സംവിധാനത്തിലാക്കി. തുടര്‍ന്ന് വിവിധ ഘട്ടങ്ങളിലായി വ്യാപാര തോത് കുറഞ്ഞു. സെബിയുടെ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കിയതോടെയാണ് അവധി വ്യാപാരം തുടരേണ്ടതില്ലെന്ന് ഇപ്സ്റ്റ യോഗം തീരുമാനിച്ചതെന്ന് അംഗമായ വിശ്വനാഥ് അഗര്‍വാള്‍ പറഞ്ഞു. ലിമിറ്റഡ് കമ്പനി രൂപീകരിച്ച് ഇപ്സ്റ്റ സ്പോട്ട് വ്യാപാരത്തിന് തുടക്കം കുറിക്കാനാണ് തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: