കാക്കനാട്: തുതിയൂരില്‍ അയ്യങ്കാളി സ്മൃതി മണ്ഡപസ്ഥലം കയ്യേറാന്‍ ശ്രമിച്ച ഭൂവുടമയെ തടഞ്ഞ കേരള പുലയര്‍ മഹാസഭ (കെപിഎംഎസ്) നേതാവിന് മര്‍ദ്ദനം. മര്‍ദ്ദനത്തില്‍ പരിക്കേറ്റ കെപിഎംഎസ് ജില്ല വൈസ് പ്രസിഡന്റ് ടി.കെ. മണിയെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
മര്‍ദ്ദനത്തില്‍ പ്രതിഷേധിച്ച് കെപിഎംഎസ് തൃക്കാക്കര യൂണിയന് കമ്മിറ്റി നേതൃത്വത്തില്‍ ധര്‍ണയും പൊതുയോഗവും സംഘടിപ്പിച്ചു. സ്മൃതി മണ്ഡപം ലക്ഷ്യമിടുന്ന സ്ഥലത്ത് കൊടി നാട്ടി. സഭാനേതാവിനെ ജാതിപ്പേര് വിളിച്ച് അക്ഷേപിച്ച് മര്‍ദ്ദിച്ച ഭൂവുടമയ്ക്കെതിരെ പട്ടികജാതി പീഡന നിരോധന നിയമ പ്രകാരം കേസെടുക്കണമെന്ന് പ്രതിഷേധ യോഗം ആവശ്യപ്പെട്ടു.
തുതിയൂര്‍ ജംഗ്ഷന് സമീപം അയ്യങ്കാളി സ്മൃതി മണ്ഡപവും പ്രതിമയും സ്ഥാപിക്കാന്‍ ലക്ഷ്യമിട്ട് ബോര്‍ഡ് വെച്ചിരുന്ന പുറമ്പോക്ക് സ്ഥലം, സമീപത്ത് ബഹുനില കെട്ടിടം നിര്‍മിക്കുന്ന സ്വകാര്യ വ്യക്തി കയ്യേറാന്‍ ശ്രമിച്ചെന്നാണ് ആരോപണം. മുനിസിപ്പല്‍ റോഡില്‍ നിന്ന് സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിലേക്ക് പ്രവേശിപ്പിക്കാന്‍ വഴിയുണ്ടെന്നിരിക്കെ സ്മൃതി മണ്ഡപ സ്ഥലത്തുകൂടി വഴി വേണമെന്ന് ഭൂവുടമ അവകാശ വാദമുന്നയിച്ചതാണ് തര്‍ക്കത്തിനും സംഘര്‍ഷത്തിനും ഇടയാക്കിയത്. സ്മൃതി മണ്ഡപം നിര്‍മിക്കാന്‍ കെപിഎംഎസ് നേതൃത്വത്തില്‍ സമീപത്തെ കോളനി നിവാസികളുമായി ചേര്‍ന്നാണ് ബോര്‍ഡ് സ്ഥാപിച്ചത്. ഇതിനിടെ സമീപത്തെ സ്ഥലം വാങ്ങിയ സ്വകാര്യ വ്യക്തി ബഹുനില കെട്ടിടം നിര്‍മ്മാണത്തിനായി സംഘടനയുടെ കൊടിയും ബോര്‍ഡും നീക്കം ചെയ്തെന്നാണ് നേതാക്കളുടെ ആരോപണം.
ഭൂവുടമയുടെ മര്‍ദ്ദനത്തില്‍ പ്രതിഷേധിച്ച് തുതിയൂര്‍ ജംഗ്ഷനില്‍ സംഘടിപ്പിച്ച പ്രതിഷേധ ധര്‍ണയില്‍ കെപിഎംഎസ് യൂണിയന് പ്രസിഡന്റ് സി.കെ. രാജപ്പന്, എം.എ. ബിജു, എം.ടി. ശിവന്, എം.കെ. രാജു, പി.സി. പ്രക്ഷോഭ്, പി.കെ. ബിജു, ശോഭനപരമു, എന്‍.എസ്. സുഭീഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു. സി.കെ. ഹരികുമാര്‍, വി.കെ. രാജു, ഇ.എ കുഞ്ഞുമോന് തുടങ്ങിയവര്‍ ധര്‍ണക്ക് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: