വെള്ളനാട്: ആസൂത്രണത്തിലെ പാളിച്ചകള്‍ വെള്ളനാടിന്റെ വികസന സ്വപ്‌നങ്ങള്‍ക്ക് ഇരുട്ടടിയായി. ജില്ലാ ആസൂത്രണ സമിതിയില്‍ സമര്‍പ്പിച്ച പദ്ധതികള്‍ക്ക് അംഗീകാരം നിക്ഷേധിച്ചതോടെ ഈ വര്‍ഷം പഞ്ചായത്തിന് സര്‍ക്കാരിന്റെ നയാ പൈസ കിട്ടില്ല. ജില്ലയില്‍ പദ്ധതികളും ഗുണഭോക്താക്കളെ നിശ്ചയിക്കുന്ന ഗ്രാമസഭകളും നടക്കാത്ത ഏക പഞ്ചായത്തും വെള്ളനാടാണ്.
ബിജെപി അംഗങ്ങളായ എസ്.ഗിരിജകുമാരി, ദീപകുമാരി, എം.വി രഞ്ചിത്ത് എന്നിവരുടെ പരാതിയില്‍ പരിശോധനക്കെത്തിയ പെര്‍ഫോമന്‍സ് ഓഡിറ്റ് ജീവനക്കാരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ ആസൂത്രണ സമിതി 5.75 കോടിയുടെ പദ്ധതികള്‍ നിരസിച്ചത്.
സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെ പദ്ധതികള്‍ തയ്യാറാക്കിയെന്നാണ് പെര്‍ഫോമന്‍സ് ഓഡിറ്റ് ജീവനക്കാരുടെ റിപ്പോര്‍ട്ട്. പദ്ധതികള്‍ക്ക് അംഗീകാരം ലഭിക്കാതായതോടെ ഈ സാമ്പത്തിക വര്‍ഷം പഞ്ചായത്തിന് മൊട്ടുസൂചി വാങ്ങാന്‍ കഴിയാത്ത അവസ്ഥയാണ്.
ഈ വര്‍ഷവും പദ്ധതി തയ്യാറാക്കിയതില്‍ നടപടി ക്രമങ്ങള്‍ പാലിക്കാതായതോടെ രണ്ടു തവണ പഞ്ചായത്ത് നടത്തിയ വികസന സെമിനാര്‍ അംഗങ്ങള്‍ തടസ്സപ്പെടുത്തിയിരുന്നു. ബിജെപി സംസ്ഥാന സമിതിയംഗം വെള്ളനാട് കൃഷ്ണകുമാര്‍ ഇതുസംബന്ധിച്ച് നല്‍കിയ പരാതിയില്‍ വിജിലന്‍സ് അന്വേഷണം നേരിടുകയാണ് പഞ്ചായത്ത്.
മാസങ്ങള്‍ക്ക് മുന്‍പ് പെര്‍ഫോമന്‍സ് ഓഡിറ്റ് വിഭാഗം പഞ്ചായത്തില്‍ പരിശോധനക്കെത്തി. ഭരണ പ്രതിപക്ഷ അംഗങ്ങളെ ആസൂത്രണ സമിതി നേരിട്ട് വിളിപ്പിച്ചിരുന്നു. ഇത് സംബന്ധിച്ച പരാതികള്‍ പ്രതിപക്ഷ അംഗങ്ങള്‍ സമിതിക്ക് മുമ്പാകെ അറിയിക്കുകയും ചെയ്തിരുന്നു. ദൈനംദിന പ്രവര്‍ത്തനങ്ങളും വികസന പദ്ധതികളും താളം തെറ്റിയതോടെ ഭരണ സമിതിക്കെതിരെ ജനവികാരം ആളികത്തുകയാണ്. എസ്. ഗിരിജകുമാരി പ്രസിഡന്റായിരുന്നപ്പോള്‍ രാജ്യം മാതൃകാ പഞ്ചായത്തിനുള്ള പുരസ്‌ക്കാരം നല്‍കി ആദരിച്ച പഞ്ചായത്താണ് വെള്ളനാട്.
















