ആലുവ: മആലുവ യു.സി കോളേജില്‍ നടന്ന പൂര്‍വ വിദ്യാര്‍ത്ഥി സംഗമം മറ്റൊരു ചരിത്രമായി. രണ്ട് ദിവസമായി നടന്ന സംഗമത്തില്‍ 5000ത്തോളം പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.
ഏറ്റവും പ്രായം കൂടിയ പൂര്‍വ്വ വിദ്യാര്‍ത്ഥിയായ ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ തിരുമേനി മുതല്‍ കഴിഞ്ഞ വര്‍ഷം പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ വരെയെത്തി.
ബെല്‍ഗാം സെന്റ് പോള്‍സ് കോളേജില്‍ 3638 പേര് പങ്കെടുത്ത പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമമാണ് നിലവില്‍ ഗിന്നസ് ബുക്കില്‍ ഇടംപിടിച്ചിട്ടുള്ളത്. 5000 പേരെ പങ്കെടുപ്പിക്കുകയായിരുന്നു യു.സി കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥി അസോസിയേഷന്റെ ലക്ഷ്യം. ലക്ഷ്യത്തിലേക്കെത്തിയില്ലെങ്കിലും റെക്കോര്‍ഡ് മറികടക്കാന്‍ കഴിഞ്ഞതിന്റെ ആത്മവിശ്വാസത്തിലാണ് സംഘാടകര്‍. കോളേജ് ഗ്രൗണ്ടില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയിലായിരുന്നു സംഗമമെങ്കിലും പൂര്‍വ്വ വിദ്യാര്‍ത്ഥികളിലേറെയും തങ്ങള്‍ പഠിച്ച കഌസുകളിലും ഒഴിവുസമയങ്ങള്‍ ചെലവഴിച്ച മഹാഗണിച്ചുവട്ടിലുമെല്ലാം പാറിപ്പറന്ന് നടന്നു. പലരും കുടുംബ സമ്മേതമാണ് എത്തിയത്.
സഹപാഠിയെ തന്നെ പ്രണയിച്ച് വിവാഹം കഴിച്ചവരും എത്തി. പ്രണയത്തിന് വിത്തുപാകിയ ക്യാന്റിനും തണല്‍ മരങ്ങള്‍ക്ക് ചുറ്റും നിന്ന് അവര്‍ പഴയ ഓര്‍മ്മകള്‍ പങ്കുവച്ചു. പഴയ കൂട്ടുകാരെ കണ്ടതോടോ പ്രായം മറന്ന് അവരെല്ലാം വിദ്യാര്ത്ഥികളാവുകയായിരുന്നു. യു.സി. കോളേജിലെ എക്കാലത്തേയും വലിയ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമമാണ് സ്നേഹതീരമെന്ന പേരില്‍ നടന്നത്.
ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ തിരുമേനി ചടങ്ങുകള്‍ ഉദ്ഘാടനം ചെയ്തു. നൂറ് വയസ് പിന്നിട്ട തന്റെ ദീര്‍ഘായുസിന്റെ രഹസ്യം യു.സി. കോളേജില്‍ പഠിച്ചതാണെന്ന് ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം പറഞ്ഞു.
യു.സി. കോളേജിലെ അധ്യാപകരുടെ കരുതലും സുഹൃത്തുകളുടെ സനേഹവുമാണ് തന്നെ പരുവപ്പെടുത്തിയത്. രാജ്യം സ്വാതന്ത്രത്തിനായി പോരാടുന്ന സമയത്ത് വിദ്യാര്‍ത്ഥികളെ നിയന്ത്രിക്കണമെന്നും അല്ലെങ്കില്‍ പൊലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്തുമെന്നും സി.പി. രാമസ്വാമി അയ്യര്‍ കോളേജ് അധികൃതരെ അറിയിച്ചിരുന്നു.
എന്നാല്‍ വിദ്യാര്‍ത്ഥികളെ നിയന്ത്രിക്കാന്‍ തങ്ങള്‍ക്കറിയാമെന്ന് മറുപടി പറഞ്ഞ് അവരെ സംരക്ഷിക്കാന്‍ അധ്യാപകര്‍ തയ്യാറായതായും തിരുമേനി പറഞ്ഞു.
ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ തിരുമേനിയേയും സി.എസ്. ഫിലിപ്പിനേയും 75 വയസ് പിന്നിട്ട 14 അധ്യാപകരേയും ആദരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: