കൊട്ടാരക്കര: വാടക കാറില്‍ കറങ്ങി നടന്ന് മോഷണം നടത്തുന്ന സംഘം പിടിയില്‍
ആഡംബരകാറുകള്‍ വാടകയ്‌ക്കെടുത്ത് രാത്രികാലങ്ങളില്‍ മോഷണം നടത്തിവന്ന സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. കടയ്‌ക്കല്‍ വാച്ചികോണം സൂര്യ ഹൗസില്‍ സന്തോഷ് (37), കടയ്‌ക്കല്‍ പാങ്ങലുകാട് ശ്രീനിലയത്തില്‍ ആദര്‍ശ്(19) എന്നിവരാണ് പിടിയിലായതെന്ന് എസ്പി സുരേന്ദ്രന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
ഒരാഴ്ച മുമ്പ് അഞ്ചല്‍ ചേറ്റുകുഴിയിലുള്ള ക്രിസ്ത്യന്‍ ദേവാലയത്തിലെ സ്റ്റോര്‍ മുറി കുത്തിതുറന്ന് മോഷണത്തിന് ശ്രമിച്ചവര്‍ കാര്‍ ഉപേക്ഷിച്ച് രക്ഷപെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് സംഘത്തെകുറിച്ച് വിവരം ലഭിച്ചത്. മോഷണസംഘത്തിലെ അംഗമായിരുന്ന കുമ്മിള്‍ ചെറുകര പാറവിള വീട്ടില്‍ വിഷ്ണുവിനെ ഈ മാസം ആദ്യം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സംഘം തലവനായ സന്തോഷും ആദര്‍ശും പിടിയിലാകുന്നത്.
റബ്ബര്‍മോഷണമാണ് പ്രതികള്‍ പ്രധാനമായി നടത്തിയിരുന്നത്. ആഡംബരകാര്‍ മാസവാടകയ്‌ക്കെടുത്തായിരുന്നു മോഷണം നടത്തിവന്നിരുന്നത്. ജില്ലയിലെയും സമീപ ജില്ലകളിലെയും വിവിധ ഭാഗങ്ങളിലായി അഞ്ചുടണ്‍ റബ്ബര്‍ ഷീറ്റ് മോഷണം നടത്തിയതായി പോലീസിനോട് സമ്മതിച്ചു. ഇതില്‍ നാലുടണ്‍ റബ്ബര്‍ പോലീസ് കണ്ടെടുത്തിട്ടുണ്ട്. സംഘത്തലവനായ സന്തോഷ് നിരവധി ചന്ദനമോഷണ കേസില്‍ പ്രതിയാണ്.
















