കറാച്ചി: വധശിക്ഷ വിധിക്കുന്ന രാജ്യങ്ങളുടെ മുൻപന്തിയിൽ പാക്കിസ്ഥാനും. വധശിക്ഷ ഏറ്റവുമധികം വിധിക്കുന്ന അഞ്ച് രാജ്യങ്ങളിലൊന്നായിരിക്കുകയാണ് പാക്കിസ്ഥാൻ. ചൈന, ഇറാൻ, സൗദി അറേബ്യ, ഇറാഖ് എന്നീ രാജ്യങ്ങൾക്ക് ശേഷം അഞ്ചാം സ്ഥാനത്താണ് പാക്കിസ്ഥാൻ.
പാക്കിസ്ഥാനിലെ ഒരു മനുഷ്യാവകാശ സംഘടന നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കഴിഞ്ഞ 30 മാസങ്ങൾക്കുള്ളിൽ പാക്കിസ്ഥാൻ 465 പേരെ വധശിക്ഷയ്‌ക്ക് വിധിച്ചുവെന്നാണ് പഠന റിപ്പോർട്ട്.
അതായത് ശരാശരി ഒരാഴ്ചയിൽ മൂന്ന് പേരെ വീതം പാക്കിസ്ഥാൻ വധശിക്ഷയ്‌ക്ക് വിധിക്കുന്നുണ്ട്. പാക്കിസ്ഥാനിൽ 8,200ഓളം പേരാണ് കൊലക്കയർ പ്രതീക്ഷിച്ച് കഴിയുന്നതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
















