പൂവാര്‍: തീരദേശവാസികളുടെ ആശ്രയകേന്ദ്രമായ പുല്ലുവിള സിഎച്ച്‌സിയുടെ പ്രവര്‍ത്തനങ്ങള്‍ പ്രഖ്യാപനങ്ങളില്‍ മാത്രം ഒതുങ്ങുന്നു. ഡോക്ടര്‍മാരുടെയും പാരാമെഡിക്കല്‍ സ്റ്റാഫുകളുടെയും നഴ്‌സുമാരുടെയും കുറവാണ് ഈ ആരോഗ്യകേന്ദ്രത്തെ കൂടുതലായും അലട്ടുന്നത്. 2015ല്‍ മന്ത്രി കെ. ബാബു ഉദ്ഘാടനം നിര്‍വഹിച്ച സ്ത്രീകളുടെ വാര്‍ഡ് ഉള്‍പ്പെടുന്ന പ്രധാന കെട്ടിടത്തില്‍ രണ്ടു വര്‍ഷത്തോളമായിട്ടും വൈദ്യുതി കണക്ഷന്‍ പോലും എത്തിയിട്ടില്ല.
അതിയന്നൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ അധീനതയിലുള്ള ആരോഗ്യകേന്ദ്രത്തിന് ഗ്രാമപഞ്ചായത്ത് പുതിയ കെട്ടിട നമ്പര്‍ നല്‍കാത്തതിനാലാണ് വൈദ്യുതി കണക്ഷന്‍ ലഭിക്കാത്തത്. പഴയ ആശുപത്രി കെട്ടിടത്തില്‍ നിന്നും അനധികൃതമായി കണക്ഷന്‍ വലിച്ചാണ് പുതിയ മന്ദിരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. പ്രാഥമിക കേന്ദ്രത്തിന്റെ നിലയില്‍ നിന്നും സിഎച്ച്‌സിയായി ഉയര്‍ത്തി എന്നതല്ലാതെ ആശുപത്രിക്ക് വേണ്ടി യാതൊന്നും തന്നെ അധികൃതര്‍ ചെയ്തിട്ടില്ല.
സിഎച്ച്‌സിക്ക് ആവശ്യമായ സ്റ്റാഫ് പാറ്റേണില്‍ വര്‍ദ്ധനവ് വരുത്താനോ, മരുന്നുകള്‍ എത്തിക്കാനോ മറ്റ് സജ്ജീകരണങ്ങള്‍ നടത്തണോ അധികൃതര്‍ തയ്യാറായിട്ടില്ല. മൂന്ന് ഡോക്ടര്‍മാരും നാലു നഴ്‌സുമാരും മാത്രമാണ് ഇവിടെ ഉള്ളത്. ലാബ് ഉണ്ടെങ്കിലും ഒരു ലാബ് ടെക്‌നീഷ്യനാണ് നിലവില്‍ ഉള്ളത്.
പാലിയേറ്റീവ് ക്ലിനിക്കിന്റെയും ഫാര്‍മസിയുടെയും ഇടക്കുള്ള ഇടുങ്ങിയ സ്ഥലത്തിട്ടാണ് ആശുപത്രി മാലിന്യങ്ങള്‍ കത്തിക്കുന്നത്. തീകത്തിക്കുമ്പോള്‍ ഉണ്ടാകുന്ന രൂക്ഷമായ പുകയും ദുര്‍ഗന്ധവും മരുന്ന് വാങ്ങാന്‍ നില്‍ക്കുന്നവരെയും ആശുപത്രി വാര്‍ഡില്‍ കഴിയുന്ന രോഗികളയേയും വലയ്‌ക്കുന്നു. പകര്‍ച്ച വ്യാധികള്‍ വേഗത്തില്‍ എത്തിച്ചേരുന്ന തീരദേശ മേഖലയിലെ ഈ ആശുപത്രിയില്‍ പനിക്ലിനിക്ക് അടക്കമുള്ള സ്ഥിരം സംവിധാനങ്ങള്‍ ഉണ്ടാകുമെന്ന ആരോഗ്യവകുപ്പിന്റെ ഉറപ്പുകളൊന്നും നാളിതുവരെയും പാലിക്കപ്പെട്ടിട്ടില്ല.
















