കാക്കനാട്: മഴക്കാലശുചീകരണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമല്ലാത്തതിനാല്‍ മഞ്ഞപ്പിത്തവും, പകര്‍ച്ചപ്പനിയും ജില്ലയില്‍ വ്യാപിക്കുന്നു. ഇതരസംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലം ഉള്‍പ്പെടെയുള്ളയിടങ്ങള്‍ വൃത്തിഹീനമാണ്. ഇത്തരം കേന്ദ്രങ്ങളില്‍ രോഗങ്ങള്‍ പടര്‍ന്നുപിടിക്കാന്‍ സാധ്യത ഏറെയാണ്.
ഇതരസംസ്ഥാന തൊഴിലാളികള്‍ താത്ക്കാലിക ഷെഡ്ഡുകളിലാണ് പലയിടത്തും താമസിക്കുന്നത്. ഇവിടങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഒരുക്കിയിട്ടില്ല. വാടക ഈടാക്കുന്നതിനനുസരിച്ച് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കാന്‍ പലരും തയ്യാറാകാത്തതാണ് ഈ സ്ഥിതിക്ക് കാരണം.
കഴിഞ്ഞ മഴക്കാലത്ത് നഗരത്തില്‍ ഇതരസംസ്ഥന തൊഴിലാളികള്‍ താമസിക്കുന്നിടത്തു നിന്ന് മലേറിയ ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആരോഗ്യവകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും തൊഴിലാളികളെ മാറ്റിപ്പാര്‍പ്പിക്കുകയും ചെയ്തതോടെയാണ് രോഗം പടര്‍ന്നുപിടിക്കുന്നത് ഒഴിവാക്കിയത്. എന്നാല്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതല്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ ഇപ്പോള്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ താമസിക്കുന്നുണ്ട്.
ഇതരസംസ്ഥാന തൊഴിലാളികളെ പാര്‍പ്പിക്കുന്ന കെട്ടിട ഉടമകള്‍ തൊഴിലാളികള്‍ക്ക് ആവശ്യമായ സൗകര്യങ്ങളും ടോയ്ലറ്റ് സൗകര്യങ്ങളും ഏര്‍പ്പെടുത്തണമെന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇതൊന്നും ആരും പാലിക്കുന്നില്ല. പകര്‍ച്ച വ്യാധികള്‍ നിയന്ത്രണ വിധേയമാണെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറയുമ്പോഴും മരണങ്ങള് സംസ്ഥാനത്ത് വര്‍ദ്ധിക്കുകയാണ്.
വൃത്തിഹീനമായ വെള്ളം ഉപയോഗിച്ച് നിര്‍മ്മിക്കുന്ന ഐസ് നഗരത്തില്‍ ഇപ്പോഴും വ്യാപകമാണ്. പല ഹോട്ടലുകളിലും മോശം സാഹചര്യത്തിലാണ് ഭക്ഷണം പാകം ചെയ്യുന്നത്. പാതയോരങ്ങളിലും മറ്റും മാലിന്യങ്ങള്‍ കൂട്ടിയിടുന്നതും നിയന്ത്രിക്കാന്‍ സാധിച്ചിട്ടില്ല.
അനാരോഗ്യകരമായ സാഹചര്യത്തില്‍ നിര്‍മ്മിച്ച ഭക്ഷ്യവസ്തുക്കള്‍ സ്കൂളുകളുടെയും മറ്റും സമീപങ്ങളില്‍ വില്‍ക്കുന്നതും തുടരുകയാണ്. മലിനമായ വെള്ളവും മാരകമായ വസ്തുക്കളും ചേര്‍ത്ത് വൃത്തിഹീനമായ സാഹചര്യത്തില്‍ നിര്‍മ്മിക്കുന്ന ഇത്തരം ഭക്ഷ്യവസ്തുക്കള്‍ വലിയ അപകടമാണ് വരുത്തി വെയ്ക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: